തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്. ഇന്ന് രാവിലെയാണ് അടൂരിലെ വീട്ടിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത രാഹുലിനെ പിന്നീട് തിരുവനന്തപുരത്ത് എത്തിച്ച് വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി രാഹുലിനെ മെഡിക്കൽ പരിശോധനയ്ക്ക് അയച്ചു. ഈ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് രാഹുലിനെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തത്. രാഹുലിനെ വൈകാതെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.
അതേസമയം പിണറായി വിജയന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യട്ടേയെന്നും പോരാട്ടം വിജയം കാണുന്നത് പിണറായി വിജയൻ കാണുമെന്നും രാഹുൽ റിമാൻഡ് ചെയ്യപ്പെട്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പുലർച്ചെയുള്ള അറസ്റ്റ് ക്രമസമാധാന പ്രശ്നം ഒഴിവാക്കാനെന്നാണ് പൊലീസ് വാദം. രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നാളെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.
നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടി.