ദേശീയതലത്തിലെ പാഠ്യപദ്ധതി പരിഷ്കരണം തള്ളി കേരളം. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ജനാധിപത്യത്തിന് നിരക്കാത്താ മാറ്റമാണ് നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചു.
പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ല. കേരളത്തില്‍ പാഠപുസ്തകം തയ്യാറാക്കുന്നത് എസ്.ഇ.ആര്.ടിയാണ്. അതിനാല്‍ മാറ്റങ്ങള്‍ കേരളത്തെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും ശാസ്ത്ര നിരാസമുള്ളതും യഥാര്‍ത്ഥ ചരിത്രത്തിന്റെ വളച്ചൊടിക്കലുമാണ് എന്‍.സി.ആര്.ടി പാഠപുസ്തകങ്ങളിലൂടെ കുട്ടികള്‍ക്ക് നല്കാന് ഉദ്ദേശിക്കുന്നത്. അത് കേരളം അക്കാദമികമായി സംവാദങ്ങള്‍ ഉയര്‍ത്തി പ്രതിരോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസം എന്നത് ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയം ആയതു കൊണ്ടുതന്നെ സംസ്ഥാനത്തിന് സ്വന്തമായി തീരുമാനം എടുക്കാനും മുന്നോട്ട് പോകാനുമുള്ള അവകാശമുണ്ട്.
പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളില്‍ നിലവില്‍ കുറച്ച് പാഠപുസ്തങ്ങള്‍ എന്‍.സി.ഇആര്ടിയുടേതാണ്. കേരളത്തില്‍ ഉപയോഗിക്കുന്നത് ആകെ 124 പാഠപുസ്തകങ്ങളാണ്. അതില്‍ 44 എണ്ണം മാത്രമാണ് എന്‍സിആര്‍ടി പ്രസിദ്ധീകരിക്കുന്നവ. 11 ാം ക്ലാസില്‍ ആകെ 59 പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ദേശീയതലത്തില്‍ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ പേരില്‍ ഇപ്പോള്‍ നടത്തിവരുന്ന കാര്യങ്ങള്‍ ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്. പാഠപുസ്തകങ്ങളെ മുഴുവനും കാവി പുതപ്പിക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നത്. ദേശീയ തലത്തില്‍ കൊവിഡിന്റെ പേര് പറഞ്ഞ് എന്‍സിആര്‍ടിയുടെ നേതൃത്വത്തില്‍ ആറാം ക്ലാസ് മുതല്‍
12ആം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയിരുന്നു.
അതില്‍ പ്രധാനമായും ഭരണഘടന മൂല്യങ്ങള്‍ സംബന്ധിച്ച ഭാഗങ്ങള്‍ ഇന്ത്യയുടെ ചരിത്രം, അതില്‍ പ്രധാനമായും മുഗള്‍ രാജവംശം, രാജ്യം നേരിടുന്ന പട്ടിണി, തൊഴിലില്ലായ്മ, വര്‍ഗീയത, രാജ്യത്തെ പ്രധാന ജനകീയ പ്രക്ഷോഭങ്ങള്‍, ഗുജറാത്ത് കലാപം, ഗാന്ധി വധം തുടങ്ങിയവയും ഇത്തരത്തില്‍ ഒഴിവാക്കിയതില്‍ ഉള്‍പ്പെടുന്നു. സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് പരിണാമ സിദ്ധാന്തവും ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള ഈ നീക്കത്തെയാണ് അക്കാദമിക സമൂഹത്തെ ചേര്‍ത്ത് നിര്‍ത്തി കേരളം പ്രതിരോധിച്ചത്. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണ പദ്ധതികളും പുരോഗമിക്കുകയാണ്.
തികച്ചും ജനാധിപത്യപരമായ രീതിയിലാണ് ഇത് മുന്നോട്ട് പോകുന്നത്. 2024 ജൂണില്‍ 1,3,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങള്‍ സ്കൂളുകളില്‍ എത്തിക്കാന്‍ കഴിയും. 2025 ജൂണില്‍ 2,6,8,10 ക്ലാസുകളിലെയും പുതുക്കിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയും. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ ചേര്‍ത്ത് നിര്‍ത്തിയും യഥാര്‍ത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്രചിന്ത വളര്‍ത്തുന്നതുമായ പാഠ്യപദ്ധതി പരിഷ്കരണമാണ് കേരളത്തില്‍ നടത്തുന്നത്. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.
ഇപ്പോള്‍ സാമൂഹ്യശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് എന്‍സിആര്‍ടി നല്കിയ ശുപാര്‍ശകളെ തുടക്കത്തില്‍ തന്നെ കേരളം തള്ളിക്കളയുകയാണ്. ഭരണഘടനയില്‍ തന്നെ പറഞ്ഞ ഇന്ത്യ അഥവാ ഭാരതം എന്നത് എവിടെയും ഉപയോഗിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. അതിന് പകരം ഇനി ഭാരതമെന്ന് മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്. ഇത് സങ്കുചിത രാഷ്ട്രീയവുമാണ്. അത് കേരളത്തിന് അംഗീകരിക്കുവാന്‍ കഴിയുകയുമില്ല. ചരിത്ര വസ്തുതകളെ വക്രീകരിച്ച് അവതരിപ്പാക്കാനുള്ള നീക്കങ്ങളെയും കേരളം തള്ളിക്കളയുകയാണ്. ദേശീയ തലത്തില്‍ മുമ്പ് ഇത്തരത്തില്‍ ഒരു നീക്കമുണ്ടായപ്പോള്‍ തന്നെ കേരളം അക്കാദമികമായി പ്രതികരിച്ചതാണ്. 11,12 ക്ലാസുകളിലെ ചരിത്രം, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യാളജി തുടങ്ങിയ പാഠപുസ്തകങ്ങള്‍ക്ക് അഡീഷണല്‍ പാഠപുസ്തകങ്ങള്‍ ഉണ്ടാക്കിയാണ് കേരളം പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു.