തിരുവന്തപുരം: 54-ാമത് സംസ്ഥാന അവാർഡിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ബ്ലസിയുടെ ആടുജീവിതം. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം,മികച്ച സംവിധായകൻ – ബ്ലെസ്സി, അവലംബിത തിരക്കഥ – ബ്ലെസ്സി, മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ,സ്പെഷ്യൽ ജൂറി – കെ.ആർ ഗോകുൽ,ഛായാഗ്രഹണം – സുനിൽ കെ.എസ്,ശബ്ദമിശ്രണം – റസൂൽ പൂക്കുട്ടി, ശരത് മോഹൻ,മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത് അമ്പാടി എന്നിവരാണ് പുരസ്കാരങ്ങൾ കരസ്ഥമാക്കിയത്.
ബെന്യാമിൻ എഴുതിയ മലയാളനോവലായ ആടുജീവിതം സിനിമയാക്കാൻ 16 വർഷത്തെ പ്രയത്നമാണ് ബ്ലസി എന്ന സംവിധായകൻ ചെയ്തത്. ചിത്രത്തിലെ നായകൻ നജീബാകാൻ ശാരീരികമായും മാനസികമായും ഏറെ കഠിനാധ്വാനം ചെയ്ത പൃഥ്വിരാജ് മികച്ച നടനുളള പുരസ്കാരം സ്വന്തമാക്കിയപ്പോൾ,കഥാപാത്രം മികച്ചതാക്കാൻ ഒപ്പത്തിനൊപ്പം പരിശ്രമിച്ച കെ.ആർ ഗോകുൽ സ്പെഷ്യൽ ജൂറി പുരസ്കാരം സ്വന്തമാക്കി.
എല്ലാ സിനിമയ്ക്കും പിന്നില്‍ വലിയൊരു അദ്ധ്വാനമുണ്ടെന്നും ആടുജീവിതത്തിന്റെ കാര്യത്തില്‍ അത് വളരെ വലുതായിരുന്നു എന്നുമാണ് പുരസ്കാര നേട്ടത്തിൽ പൃഥ്വിരാജ് പ്രതികരിച്ചത്. ഒരു നടനെന്ന നിലയില്‍ നജീബ് വെല്ലുവിളി നിറഞ്ഞ വേഷം ആയിരുന്നു. എന്റെ കരിയറിലെ സുപ്രധാന കഥാപാത്രമാണ് ഇത്. ചിത്രത്തിന് പിന്നിലെ പരിശ്രമം വിജയിക്കുന്നത് വലിയ കാര്യമാണെന്നും പതിനാറ് വർഷത്തെ ബ്ലെസിയുടെ ലക്ഷ്യത്തിന് വേണ്ടി നിന്നതാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.