പ്രതികള്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞാല്‍ ഇരയ്ക്ക് നീതി ലഭിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രൊഫസര്‍ ടിജെ ജോസഫ്. കൈവെട്ട് കേസില്‍ രണ്ടാംഘട്ട ശിക്ഷാ വിധിയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളെ ശിക്ഷിക്കുന്നതില്‍ യാതൊരു വിധ ഉത്കണ്ഠയുമില്ല. ഒരു സാധാരണ പൗരന് എന്ന നിലയ്ക്ക് കേസ് എങ്ങനെ അവസാനിക്കും എന്നറിയാനുള്ള കൗതുകം മാത്രമേ ഇക്കാര്യത്തിലുള്ളു. പ്രതികളെ ശിക്ഷിക്കുന്നത്, ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന് പണ്ടെ കരുതുന്നില്ല. രാജ്യത്തിന്റെ നീതി നടപ്പാക്കുന്നു എന്ന് മാത്രമേ ഞാന്‍ അതില്‍ നിന്ന് മനസിലാക്കുന്നുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍ തന്നെ പോലെ തന്നെ ഇരയാക്കപ്പെട്ടവരാണെന്നും പ്രാകൃതമായ ഒരു വിശ്വാസത്തിന്റെ പേരിലാണ് അവര്‍ ഉപദ്രവിച്ചത് എന്നാണ് മനസിലാക്കുന്നതെന്നും ടിജെ ജോസഫ് പറഞ്ഞു.
മനുഷ്യര്‍ ശാസ്ത്രാവബോധം ഉള്‍ക്കൊണ്ട് മാനവികതയിലും സാഹോദര്യത്തിലും പുലര്‍ന്ന് ആധുനിക പൗരന്മാരായി മാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍.ഐ.എ പ്രത്യേക കോടതി കണ്ടെത്തി. അഞ്ച് പേരെ വെറുതെ വിടുകയും ചെയ്തു.
സജല്‍, നാസര്‍, നജീബ്, നൗഷാദ് മൊയ്തീന് കുഞ്ഞ്, അയൂബ് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. നാസര്‍ കേസില്‍ മുഖ്യ സൂത്രധാരനാണെന്നും കോടതി പറഞ്ഞു. നൗഷാദ്, മൊയ്തീന്, അയൂബ് എന്നിവര്‍ പ്രതികളെ ഒളിപ്പിച്ചതിനാണ് കുറ്റക്കാര്‍.
മുഖ്യപ്രതി നാസര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വധശ്രമവും ഗൂഢാലോചനയും തെളിഞ്ഞു. അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, ഷഫീക്ക്, മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി പറഞ്ഞു. കുറ്റക്കാര്‍ക്കുള്ള ശിക്ഷാവിധി നാളെ പ്രസ്താവിക്കും.
ടി ജെ ജോസഫിന്റെ വാക്കുകള്‍
2015ല്‍ ഈ കേസിന്റെ ആദ്യഘട്ട വിധി വന്നപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്. പ്രതികളെ ശിക്ഷിക്കുന്നതില്‍ എനിക്ക് യാതൊരു വിധ ഉത്കണ്ഠയുമില്ല. ഒരു സാധാരണ പൗരന് എന്ന നിലയ്ക്ക് കേസ് എങ്ങനെ അവസാനിക്കും എന്നറിയാനുള്ള കൗതുകം മാത്രമേ എനിക്ക് ഇക്കാര്യത്തിലുള്ളു. പ്രതികളെ ശിക്ഷിക്കുന്നത്, ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന് എനിക്ക് പണ്ടേയില്ല. രാജ്യത്തിന്റെ നീതി നടപ്പാക്കുന്നു എന്ന് മാത്രമേ ഞാന്‍ അതില്‍ നിന്ന് മനസിലാക്കുന്നുള്ളു. അതുകൊണ്ട് തന്നെ ഈ പ്രതികളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ എനിക്ക് പ്രത്യേകിച്ച് ഇഷ്ടാനിഷ്ടങ്ങളൊന്നുമില്ല.
ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍ എന്നെ പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ ഒരു വിശ്വാസത്തിന്റെ പേരിലാണ് അവര്‍ എന്നെ ഉപദ്രവിച്ചത് എന്നാണ് മനസിലാക്കുന്നത്. അവരും ആ വിശ്വാസത്തിന് ഇരയായതുകൊണ്ടാണ് ഇങ്ങനെ ഉള്‍പ്പെട്ട് ഉപദ്രവിക്കാനിടയായതും. യഥാര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരും ശാസ്ത്രാവബോധം ഉള്‍ക്കൊണ്ട് മാനവികതയിലും സാഹോദര്യത്തിലും പുലര്‍ന്ന് ആധുനിക പൗരന്മാരായി മാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. പ്രാകൃത വിശ്വാസങ്ങള്‍ വെടിഞ്ഞ് മനുഷ്യര്‍ തുല്യതയോടെയും സാഹോദര്യത്തിലൂടെയും പെരുമാറാന്‍ എനിക്കേറ്റ മുറിവുകളും എന്നെ ഉപദ്രവിച്ചവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളുമൊക്കെ മാറട്ടെ എന്ന് ആഗ്രഹിക്കുകയാണ്.
പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിലൂടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും നീതിയാണ് നടപ്പാവുന്നത്. ഒരു ഇരയ്ക്കും പ്രതിയെ ശിക്ഷിച്ചതുകൊണ്ട് എന്തെങ്കിലും ലാഭം ഉണ്ടാവും എന്ന മിഥ്യാ ധാരണ എനിക്ക് ഇല്ല.
പ്രതിയെ പിടിക്കാന്‍ കഴിയാതിരിക്കുന്നുണ്ടെങ്കില് അത് നിയമ സംവിധാനത്തിന്റെ പര്യാപ്തതകുറവുകൊണ്ടാണ്. കുറ്റകൃത്യത്തില്‍ പങ്കെടുത്തവരൊന്നും എന്നെ നേരിട്ട് അറിയുന്നവരോ എന്നോട് ഏതെങ്കിലും രീതിയില്‍ വൈരാഗ്യം ഉള്ളവരോ അല്ല. എന്നെ ഉപദ്രവിച്ചവര്‍ വെറും ആയുധങ്ങള്‍ മാത്രമാണ്. മറ്റുള്ളവരുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ്. കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കേസിന് പുറത്താണ്. ഇപ്പോള്‍ ശിക്ഷിക്കപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്യുന്നവരൊന്നുമല്ല യഥാര്‍ത്ഥ പ്രതികള്‍. എന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് ആരാണോ അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനൊന്നും നിയമ സംവിധാനത്തിന് സാധിക്കുന്നില്ലെന്നതാണ് രാജ്യത്തെ ദുര്യോഗം. ഉപകരണങ്ങളാക്കപ്പെടുന്ന ആളുകള്‍ മാത്രമായിരിക്കും വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുകയുള്ളു.
എന്റെ ജീവിതത്തെ മാറ്റി മറിച്ചു എന്ന് മാത്രമേ കരുതുന്നുള്ളു. എന്നെ ആരും ഒന്നും ചെയ്തിട്ടില്ല. ഒന്നും ചെയ്യാതിരുന്ന എന്റെ നേരെ യുദ്ധത്തിന് വന്നതാണ്. അതിനോട് ഇപ്പോഴും യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു ഭയവുമില്ലാതെയാണ് ജീവിക്കുന്നത്. ജീവിതമാകുമ്പോള്‍ അതിന് ഒരു അന്ത്യം വരും. അത്ര മാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.