എറണാകുളം: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട കെ സുധാകരന് പൂർണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അഴിമതിയിൽ മുങ്ങി ചെളിപുരണ്ട് നിൽക്കുകയാണ് പിണറായി സർക്കാർ,അത് ഞങ്ങളുടെ മേൽ തെറിപ്പിക്കാൻ നോക്കണ്ടെന്നും അദ്ദേഹം പ്രതികരിച്ചു
പരാതിക്കാർ തെറ്റായ പശ്ചാത്തലം ഉള്ളവരാണെന്നും ഇവരെ ഭീഷണിപ്പെടുത്തി വ്യാജമൊഴിയിലാണ് സുധാകരനെതിരെ കേസെടുത്തത്. ആര് മൊഴി നൽകിയാലും കേസെടുക്കുമോയെന്നും സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ കേസെടുക്കുമോയെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിൽക്കില്ലെന്നും സുധാകരൻ ഇനി അതിന് തയ്യാറായാലും പാർട്ടി അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സുധാകരനെ ചതിയിൽ കുടുക്കി ജയിലിലടക്കാൻ നോക്കുമ്പോൾ ഒരു കോൺഗ്രസ് പ്രവർത്തകൻ പോലും പിന്നിൽ നിന്ന് കുത്തില്ലെന്നും അദ്ദേഹം പ്രതികരിച്ചു