ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടക്കുന്നതിനിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ്. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് യെച്ചൂരിയുടെ വീട്ടിലും റെയ്ഡ് നടത്തിയത്.
ഡല്‍ഹിയില്‍ യെച്ചൂരിക്ക് സര്‍ക്കാര്‍ നല്കിയ വസതിയിലാണ് റെയ്ഡ് നടന്നത്. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്.
യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിലാണ് ഡല്‍ഹി പൊലീസിന്റെ റെയ്ഡ് പുരോഗമിക്കുന്നത്. നേരത്തെ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവില്‍ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നല്‍കുന്നതെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ന്യൂസ് ക്ലിക്കിന്റെ എക്സ് പ്ലാറ്റ് ഫോം താത്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
സൈറ്റിനെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഹൈക്കോടതി മുന്‍ ജഡ്ജിയടക്കം നൂറോളം പൗര പ്രമുഖര്‍ കത്തെഴുതിയിരുന്നു. ഡല്‍ഹി പൊലീസ് രാവിലെ നടത്തിയ വ്യാപക റെയ്ഡില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും കസ്റ്റഡിയില്‍ എടുത്തിരുന്നു.