കൊച്ചി: കൊച്ചി മെട്രോ മൂന്നാം ഘട്ടം സംബന്ധിച്ച അന്തിമ പ്ലാൻ തയ്യാറാക്കി വരികയാണെന്ന് കെഎംആർഎൽ എം.ഡി ലോക്നാഥ് ബെഹ്റ. തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള സർവ്വീസ് അടുത്ത മാസം തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സർവ്വീസ് തുടങ്ങുന്നതോടെ ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയാവും. ആകെ 28.12 കി.മീ ദൂരമാണ് ഒന്നാം ഘട്ടത്തിലുള്ളത്.
ആലുവ മുതൽ അങ്കമാലി വരെയാണ് കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം ഉദ്ദേശിക്കുന്നത്. ഇതിൻ്റെ ഭാഗമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ലിങ്ക് ലൈൻ കൂടി നിർമ്മിക്കും. ലോകത്തെ ഭൂരിപക്ഷം വിമാനത്താവളങ്ങളിലുമെന്ന പോലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമ്മിക്കാനാണ് ആലോചിക്കുന്നത്. ഇതിലൂടെ അധികം ഭൂമി മെട്രോയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന അവസ്ഥ ഒഴിവാക്കാനും സാധിക്കുമെന്നും ബെഹ്റ ചൂണ്ടിക്കാട്ടി.
കൊച്ചി മെട്രോയിൽ പുതിയ വാട്സാപ്പ് ടിക്കറ്റ് സംവിധാനവും ബുധനാഴ്ച മുതൽ നിലവിൽ വന്നു. വാട്സാപ്പ് നമ്പറായ 9188957488-ലേക്ക് ഹായ് എന്ന സന്ദേശമയച്ച് ടിക്കറ്റെടുക്കാം. വാട്സാപ്പ് ടിക്കറ്റിന് പത്ത് ശതമാനം നിരക്കിളവ് നൽകുമെന്നും രാവിലെ 5.45 മുതൽ 7 വരെയും രാത്രി 10 മുതൽ 11 വരെയും പകുതി നിരക്കിലും ടിക്കറ്റ് ബുക്ക് ചെയ്യാനാവുമെന്നും ബെഹ്റ വ്യക്തമാക്കി.
കലൂർ മുതൽ കാക്കനാട് വരെയുള്ള മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈനിൻ്റെ നിർമ്മാണം രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുമെന്നും ബെഹ്റ അറിയിച്ചു. മെട്രോ രണ്ടാം ഘട്ടത്തിലെ 11 സ്റ്റേഷനുകളിൽ പത്തിൻ്റേയും നിർമ്മാണം ടെൻഡർ ചെയ്തു. സ്മാർട്ട് സിറ്റി സ്റ്റേഷൻ മാത്രമാണ് ഇനി ബാക്കിയുള്ളത്. സീപോർട്ട് – എയർപോർട്ട് റോഡ് വീതികൂടൽ ഈ വർഷം മാർച്ചിൽ പൂർത്തിയാകുമെന്നും ബെഹ്റ പറഞ്ഞു.