വിദേശത്തു നിന്നെത്തുന്ന ഉംറ – ഹജ്ജ് തീർഥാടകർക്ക് ഏത് വിമാനത്താവളം വഴിയും രാജ്യത്ത് പ്രവേശിക്കുകയും തിരിച്ചു പോകുകയും ചെയ്യാം. ഉംറ – ഹജ്ജ് മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നതിന് പിന്നാലെയാണ് മന്ത്രാലയം ട്വിറ്ററിലൂടെ മറുപടി നൽകിയത്.
വിദേശ തീർഥാടകർ ജിദ്ദ, മദീന വിമാനത്തവളങ്ങൾ വഴി മാത്രമേ യാത്രചെയ്യാവൂ എന്ന് നിർബന്ധമില്ലെന്ന് മന്ത്രാലയം പറഞ്ഞു. എന്നാൽ മുൻപും ഇത് സംബന്ധിച്ച് മന്ത്രാലയം വ്യക്തത നൽകിയിരുന്നു. അതേസമയം ഇപ്പോഴും ഇക്കാര്യത്തിൽ അവ്യക്ത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രാലയം വീണ്ടും സ്ഥിരീകരണം നടത്തിയത്.
എന്നാൽ സൗദിയിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ജിദ്ദ, മദീന വിമാനത്താവളങ്ങളൊഴിച്ച് മറ്റൊരിടത്തെക്കും തീർഥാടകർക്ക് യാത്ര ചെയ്യാൻ അനുവാദം നൽകുന്നില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.