യുഎഇയിൽ ഇടനിലക്കാരില്ലാതെ വീസയും ഐഡി കാർഡും എടുക്കാം. അപേക്ഷകളിൽ ഭേദഗതി വരുത്താനും തെറ്റു തിരുത്താനും ഓൺലൈനിലൂടെ അവസരമുണ്ട്. വീസ, എമിറേറ്റ്സ് ഐഡി എന്നിവയിൽ വിവരങ്ങൾ പരിഷ്ക്കരിക്കാൻ 5 നടപടികൾ പൂർത്തിയാക്കണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റിലോ www.icp.gov.ae യുഎഇ ഐസിപി സ്മാർട്ട് ആപ്പ് വഴിയോ അപേക്ഷിക്കണം. 24 മണിക്കൂറും ഓൺലൈൻ സേവനം ലഭ്യമാണ്.
ജനങ്ങളുടെ സമയവും അധ്വാനവും പണവും ലാഭിക്കാൻ ഡിജിറ്റൽ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് ഐസിപി അറിയിച്ചു. വീസ മാത്രമല്ല, എമിറേറ്റ്സ് ഐഡി പുതുക്കാനും നഷ്ടപ്പെട്ടത് വീണ്ടെടുക്കാനും ഇതുവഴി സാധിക്കും. ഇടപാട് പൂർത്തിയാക്കുന്നതിനുള്ള കാലതാമസവും ഒഴിവാക്കാം. സ്മാർട് ആപ് വഴി വ്യക്തികൾക്കും കമ്പനികൾക്കും ടൈപ്പിങ് സെൻ്ററുകൾക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.
വിവരങ്ങളിൽ ഭേദഗതി വരുത്താനും അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യാനും ഫീസും ബാങ്ക് ഗ്യാരണ്ടിയും അടയ്ക്കാനും സ്മാർട്ട് ആപ്പ് മതിയാകും. പേര്, ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ ഓൺലൈനിൽ നൽകിയ വിവരങ്ങളിൽ തെറ്റില്ലെന്ന് ഉറപ്പാക്കുക. കൊറിയർ വഴി വീസയും എമിറേറ്റ്സ് ഐഡിയും കൈപ്പറ്റാൻ ഡെലിവറി വിലാസം നൽകുക. അപേക്ഷയിലെ വിവരങ്ങളും രേഖകളും ഉദ്യോഗസ്ഥൻ പരിശോധിച്ച് തൃപ്തികരമെങ്കിൽ വീസ ഇമെയിലിൽ ലഭിക്കും.