പ്രവാസികളെ ലക്ഷ്യമിട്ട് വൻ യാത്രാതട്ടിപ്പ് സംഘം. യുഎഇയിലെ ഇന്ത്യൻ എംബസിയുടെ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ്. ഇത് ശ്രദ്ധയിൽപെട്ടതോടെ പ്രവാസികൾക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് യുഎഇയിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടുന്നത്. @embassy_help എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എംബസിയുടെ പേരിൽ പണം തട്ടുന്നത്. അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് @embassy_help എന്ന ട്വിറ്റർ ഹാൻഡിലുമായും [email protected] എന്ന ഇമെയിൽ ഐഡിയുമായും യാതൊരു ബന്ധവുമില്ലെന്നും ജനങ്ങൾ വഞ്ചിതരാവരുതെന്നും എംബസി മുന്നറിയിപ്പ് നൽകി.
ഇത്തരം കുരുക്കിൽപ്പെടാതിരിക്കാൻ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും ഇ മെയിൽ ഐഡിയും കൃത്യമാണോയെന്ന് എംബസിയുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് പരിശോധിച്ച് ഉറപ്പാക്കണം. എല്ലാ ഇന്ത്യൻ മിഷനുകളുടെയും/പോസ്റ്റുകളുടെയും ഇമെയിൽ ഐഡികൾ @mea.gov.in എന്ന ഡൊമെയ്നിൽ അവസാനിക്കുന്നതാണ്. ഇത് ശ്രദ്ധിക്കേണ്ടതാണ്. @IndembAbuDhabi മാത്രമാണ് തങ്ങളുടെ ഏക ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ എന്നും എംബസി അറിയിച്ചു.
യാത്രാ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല, നിലവിൽ നാലോളം കേസുകൾ എംബസി കണ്ടെത്തിയിട്ടുണ്ട്. സൗദിയിലെ ഇന്ത്യന്‍ എംബസിയും സമാന തട്ടിപ്പിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. വർഷങ്ങളായിട്ടും നാട്ടിലേക്ക് പോകാനാവാതെ യുഎഇയിൽ കുടുങ്ങി കിടക്കുന്നവരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യം വെക്കുന്നത്. വിശ്വസനീയമായ രീതിയിൽ എംബസിയുടെ പേര് പറഞ്ഞ് യാത്രാ അവസരം ഒരുക്കാമെന്ന് ഉറപ്പുനൽകിയാണ് പണം കൈക്കലാക്കുന്നത്. ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടിലെത്താനുള്ള പ്രവാസികളുടെ ആഗ്രഹം ചൂഷണം ചെയ്താണ് നിരവധി പേരിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയെടുക്കുന്നത്.