രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ മോന്‍സല്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പണം നഷ്ടപ്പെട്ടവരുടെ ആദ്യപരാതിയില്‍ തന്നെ പറ്റിയുള്ള ആരോപണം ഉണ്ടായിരുന്നില്ലെന്നും സുധാകരന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും രാഷ്ട്രീയ വൈരം തീര്‍ക്കാനും സമൂഹ മാധ്യത്തില്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസില്‍ പ്രതിചേര്‍ത്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അഭിഭാഷകന് മാത്യു കുഴല്നാടന് മുഖേനയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം കെ സുധാകരന് മോന്സണ് മാവുങ്കലിന്റെ പക്കല്‍ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി പറഞ്ഞു. പരാതിക്കാരന് 25 ലക്ഷം രൂപയാണ് കൊണ്ടുവന്നത്. ഇതില്‍ പത്ത് ലക്ഷം രൂപ സുധാകരന് കൈപ്പറ്റിയെന്നാണ് അജി പറഞ്ഞത്.
മോന്സണ് മാവുങ്കലിന്റെ വീട്ടില്‍ വെച്ചാണ് ഇടപാട് നടന്നത്. ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ക്രൈം ബ്രാഞ്ചിനും മൊഴി നല്‍കിയിട്ടുണ്ടെന്നും അജി പറഞ്ഞു. അതേസമയം സുധാകരനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘവും വ്യക്തമാക്കി. ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.
വഞ്ചാനക്കുറ്റം ചുമത്തിയാണ് കെ സുധാകരനെ മോന്സണ് മാവുങ്കല്‍ പ്രതിയായ കേസില്‍ പ്രതിചേര്‍ത്തത്. കേസില്‍ ചോദ്യം ചെയ്യാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനപ്രതിനിധി ആയതിനാല്‍ തിരക്കുകളുണ്ടെന്നും ചോദ്യം ചെയ്യുന്നതിന് ഒരാഴ്ച മുമ്പെങ്കിലും നോട്ടീസ് നല്‍കണം എന്നുമായിരുന്നു സുധാകരന് അറിയിച്ചത്. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്നും സുധാകരന് അറിയിച്ചു.
അതേസമയം പരാതിക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന ബാങ്ക് രേഖകള്‍ വ്യാജമാണെന്നാണ് മോന്‍സന്റെ അഭിഭാഷകന് പറഞ്ഞത്. ഇഡി അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന് എം ജി ശ്രീജിത്ത് പറഞ്ഞു.