ഷാർജ പൊലീസിന്റെ ഫോറൻസിക് ലബോറട്ടറിയിൽ മൃതദേഹം എംബാം ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി. കുറ്റകൃത്യം മൂലമുള്ള മരണമാണെങ്കിലും സ്വാഭാവിക മരണമാണെങ്കിലും ബന്ധുക്കളുടെ അഭ്യർഥന മാനിച്ച് ഇവിടെ എംബാം ചെയ്യാം. നിലവിൽ ഷാർജയിൽ എംബാമിങ് സൗകര്യമില്ലാത്തതിനാൽ ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾ പ്രയാസം നേരിട്ടിരുന്നു.
പ്രത്യേക പരിശീലന കോഴ്സുകളിലൂടെ ജോലിക്ക് യോഗ്യത നേടിയ എമിറാത്തി കേഡർമാരാണ് എംബാമിങ് നടത്തുക. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചായിരിക്കും എംബാമിങ് പ്രക്രിയ. അതേസമയം, 98 ശതമാനം പൊതുജനങ്ങൾക്കും എമിറേറ്റിൽ സുരക്ഷിതത്വം അനുഭവപ്പെടുന്ന നേട്ടം ഷാർജ പൊലീസ് കൈവരിച്ചതായും ‘സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക്’ എന്ന പ്രമേയത്തിൽ നടത്തിയ ഏഴാമത് വാർഷിക മീഡിയ ഫോറത്തിൽ അദ്ദേഹം അറിയിച്ചു.
ഷാർജയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ശരാശരി നിരക്ക് ലക്ഷം ആളുകൾക്ക് 37.12 എന്ന തോതിലാണ്. മരണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 7 ശതമാനം കുറവുണ്ടായി. റോഡപകടങ്ങളുടെ ഫലമായുള്ള മരണം ലക്ഷം നിവാസികൾക്ക് 2.22 കേസുകളായി കുറഞ്ഞു, മുൻ വർഷത്തേക്കാൾ 22 ശതമാനം കുറവാണിത്. കൂടാതെ റോഡപകടങ്ങളുടെ ശരാശരി എണ്ണം 10,000 വാഹനങ്ങൾക്ക് 7 അപകടങ്ങളിൽ എത്തി, ഇത് മുൻവർഷത്തേക്കാൾ 22 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.