രാജ്യത്തിന്റെ ഏഴാമത് ദേശീയ കായിക ദിനാചരണവുമായി യുഎഇ. അബുദാബി ക്രിക്കറ്റ് ആന്റ് സ്പോർട്സ് ഹബ്ബിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും സൗജന്യമായി പങ്കെടുക്കാം.
ഇത് രണ്ടാം തവണയാണ് യുഎഇ ദേശീയ കായിക ദിനാചരണം അബുദാബി ക്രിക്കറ്റ് ആന്റ് സ്പോർട്സ് ഹബ്ബിൽ സംഘടിപ്പിക്കുന്നത്. ആർച്ചറി, റഗ്ബി, ഫുട്ബോൾ തുടങ്ങി 20-ലധികം വ്യത്യസ്ത കായിക മത്സരങ്ങളാണ് ഈ പരിപാടിയുടെ ഭാഗമായി നടത്തുന്നത്.
ഒരാഴ്ച നീളുന്ന പരിപാടിയിൽ 15,000 അത്ലറ്റുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനപ്രകാരമാണ് ദേശീയ കായിക ദിനം ആചരിക്കുന്നത്. ജനതയുടെ സഹകരണവും, സാഹോദര്യം വിളിച്ചോതുന്ന കായിക ദിനാചരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും സ്ഥാപനങ്ങളോടും വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ദേശീയ കായിക ദിന സംരംഭത്തിന്റെ ഉന്നത സമിതി ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.