വനിതകളുടെ ഏഷ്യകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 59 റൺസിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 160 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് 100 റൺസ് എടുക്കാനെ സാധിച്ചിട്ടുള്ള. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഷഫാലി ആണ് കളിയിലെ താരം.
ബംഗ്ലാദേശിന് 45 റൺസ് നേടുന്നതിനിടയിൽ ഓപ്പണർമാരെ നഷ്ടമായി. 68 റൺസിൽ രണ്ടാം ഓപ്പണർ ഫർഖാന ഹഖും(30) കളം വിട്ടു. ഇതിനിടെ ബംഗ്ലാദേശ് വിക്കറ്റ് കീപ്പറായ നിഗർ സുൽത്താന ആക്രമിച്ചു കളിക്കാൻ ശ്രമം നടത്തിയെങ്കിലും 36 റൺസിൽ അവസാനിച്ചു. പിന്നെ വന്നവരാരും രണ്ടക്കം കടന്നില്ല. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എടുത്ത് ബംഗ്ലാദേശ് തോൽവി സമ്മതിച്ചു. ഇന്ത്യക്കായി ദീപ്തി ശർമ, ഷഫാലി വർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും രേണുക സിങ്, സ്നേഹ റാണ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് ആണ് നേടിയത്. ആക്രമിച്ചു കളിച്ചു തുടങ്ങിയ ഓപ്പണേഴ്സിന്റെ കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. ഷഫാലി വർമയുടെ അർധസെഞ്ചുറി ഇന്ത്യൻ സ്കോർ ഉയർത്തി. 44 പന്തിൽ നിന്നാണ് ഷഫാലി 55 റൺസ് നേടിയത്. അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഷഫാലിക്കൊപ്പം സ്മൃതി മന്ദാനയും ചേർന്നു. 38 പന്തിൽ നിന്ന് 47 റൺസാണ് സമൃതിയുടെ സംഭാവന.
ടീം 96 ൽ നിൽക്കെ സമൃതി മന്ദാന കൂടാരം കയറിയതോടെയാണ് ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടമാവുന്നത്. പിന്നാലെ ഷഫാലിയും പോയി. ജെമിമ റോഡ്രഗ്രസ് കളി ഏറ്റെടുത്തതോടെ സ്കോർ വീണ്ടും ഉയർന്നു. കൂടെ നിന്നവർ കളം ഒഴിഞ്ഞപ്പോഴും കളിയുടെ അവസാനം വരെ ജെമിമ 35 ക്രീസിൽ നിലയുറപ്പിച്ചു. ബംഗ്ലാദേശിനായി റുമാന 3 വിക്കറ്റുകൾ നേടി.