2023 ന്റെ ആദ്യ പാദത്തിൽ വൻ വളർച്ചയാണ് യുഎഇയിലെ തൊഴിൽ വിപണിയിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്ത് പുതുതായി വരുന്ന പദ്ധതികളുടെ ഭാഗമായാണ് ഏറ്റവും അധികം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടതെന്നാണ് വിലയിരുത്തൽ. സാങ്കേതിക മേഖലയിലും എച്ച് ആർ വിഭാഗത്തിലുമാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജോലി ലഭിച്ചത്. ചില മേഖലകളിൽ 20 ശതമാനം വരെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദുബായ് സാമ്പത്തികമായി കുതിച്ചുയരുന്നതിന് പിന്നാലെ തൊഴിൽ വിപണിക്കും ആക്കം കൂടുകയാണെന്നാണ് റിക്രൂട്ടർമാരുടെ വിലയിരുത്തൽ. പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നത് വഴി ഭാവിയിലും ഇത് തുടരുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ വിദേശ നിക്ഷേപം കൂടിയതും സഹായകമായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഡിജിറ്റൽ ഡവലപ്മെന്റ്സ് എന്നീ മേഖലകൾ വികാസം പ്രാപിച്ചതോടെ ആ മേഖലയിൽ വൈദഗ്ധ്യമുള്ളവരെയാണ് വൻ കിട കമ്പനികൾ തേടുന്നതെന്ന് റിക്രൂട്ടിംഗ് ഭീമൻ മാർക്ക് എല്ലിസ് ജനറൽ മാനേജർ ഓസ് ഇസ്മായിൽ പറയുന്നു
ആഗോള റിക്രൂട്ടിംഗ് ഏജൻസിയായ റോബർട്ട് വാട്ടേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് ബാങ്കിംഗ് , ധനകാര്യ സേവന മേഖലകളിലും ഗണ്യമായ തൊഴിലവസരങ്ങൾ ഉണ്ടായതായാണ് വിലയിരുത്തൽ. മികച്ച തൊഴിലന്വേഷിക്കുന്നവരുടെ സ്വപ്ന നഗരമെന്ന സ്ഥാനം മറ്റ് വിദേശരാജ്യങ്ങളെ അപേക്ഷിച്ച് യുഎഇ നിലനിർത്തുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.