തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം. പോലീസ് സമരക്കാർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിപക്ഷ നേതാവടക്കമുള്ള നേതാക്കൾ പങ്കെടുത്ത പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രസംഗിക്കുന്നതിനിടെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. തുടർന്ന് ജലപീരങ്കിയും പ്രയോഗിച്ചതോടെ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ. സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അതേസമയം സമാധാനപരമായി മുന്നോട്ട് പോയ മാർച്ചിനെതിരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമണം അഴിച്ചു വിട്ടത്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവടക്കമുള്ളവർ പങ്കെടുക്കുന്ന പരിപാടിക്കിടെ കണ്ണീർ വാതകം പ്രയോഗിച്ച നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു
പൊലീസ് അതിക്രമത്തിനെ രൂക്ഷമായ ഭാഷയിൽ ശശി തരൂർ എംപി വിമർശിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഉണ്ടായ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ‘സംസ്ഥാനത്ത് ജനാധിപത്യം തകർന്നു, സമരം ചെയ്യാനും കരിങ്കൊടി കാണിക്കാനുമുള്ള അവകാശം പ്രവർത്തകർക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. വിഷയം കേന്ദ്രശ്രദ്ധയിലേക്ക് കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു