നാല് ദിവസത്തെ സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലേക്ക്.മേയ് ഏഴിന് യുഎഇയിലെത്തുന്ന മുഖ്യമന്ത്രി മെയ് പത്ത് വരെ തുടരും. യുഎഇ സർക്കാരിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് പിണറായി വിജയൻ്റെ സന്ദർശനം.
അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്മെൻ്റ് പരിപാടിയിലാണ് മുഖ്യമന്ത്രി പ്രധാനമായും പങ്കെടുക്കുക. തുടർ ദിവസങ്ങളിൽ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിലുളള പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.
എൽഡിഎഫ് സർക്കാറിൻ്റെ രണ്ടാംവാർഷികത്തോട് അനുബന്ധിച്ച് അബുദാബി കേരള സോഷ്യൽ സെൻ്റർ മേയ് ഏഴിന് വൈകീട്ട് ഏഴുമണിക്ക് നാഷണൽ തീയേറ്ററിൽ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി പ്രധാന അതിഥിയായിരിക്കും.
അബുദാബിയിൽ ആദ്യമായാണ് പൊതുജനങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയിൽ മുഖ്യമന്ത്രിയെത്തുന്നത്. മെയ് പത്തിന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്. അബുദാബിയിലെ നിക്ഷേപ പരിപാടിയിൽ സർക്കാർ പ്രതിനിധികളും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ടാകും.