പാക്കിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിലേക്കായി യുഎഇ 100 കോടി ഡോളർ (8300 കോടി രൂപ) നൽകി. നിലവിൽ 200 കോടി ഡോളറിന്റെ (16600 കോടി രൂപ) കരുതൽ ധനമുണ്ട്. ഇതിന് പുറമേയാണ് യു ഏ ഇ 100 കോടി ഡോളർ കൂടി നൽകിയത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷരീഫിന്റെ യു എ ഇ സന്ദർശനത്തിലാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുതിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി അധികാരമേറ്റ ശേഷമുള്ള മൂന്നാമത്തെ യുഎഇ സന്ദർശനമാണിത്. പാക്കിസ്ഥാൻ സന്ദർശിക്കുന്നതിന് ഷെയ്ഖ് മുഹമ്മദിനെ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ക്ഷണിച്ചിട്ടുണ്ട്. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.