കുറഞ്ഞ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതിനാൽ എമിറേറ്റിലെ ടാക്സി നിരക്കുകളിൽ മാറ്റം വരുത്തുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ശനിയാഴ്ച പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തിൽ ക്യാബ് നിരക്ക് കിലോമീറ്ററിന് 1.82 ദിർഹമായിരിക്കും. കഴിഞ്ഞ മാസത്തെ കിലോമീറ്ററിന് 1.84 ദിർഹം എന്ന നിരക്കിൽ നിന്ന് രണ്ട് ഫിൽ കുറവ് രേഖപ്പെടുത്തുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് ട്വീറ്റിൽ അറിയിച്ചു.
യുഎഇ പെട്രോൾ വില ലിറ്ററിന് എട്ട് ഫിൽസ് വരെ കുറച്ച സാഹചര്യത്തിലാണ് പുതിയ മാറ്റം. സൂപ്പർ 98 പെട്രോളിന്റെ വില ഏഴ് ഫിൽസ് 3.09 ദിർഹത്തിൽ നിന്ന് 3.01 ദിർഹമായി കുറഞ്ഞപ്പോൾ സ്പെഷ്യൽ 95 ന്റെ വില 2.97 ദിർഹത്തിൽ നിന്ന് 2.90 ദിർഹമായി കുറഞ്ഞു. കൂടാതെ മാർച്ചിൽ 2.90 ദിർഹമായിരുന്ന ഇ-പ്ലസ് 91 ഏപ്രിലിൽ 2.82 ദിർഹമാകും. ഡീസൽ വില 3.14 ദിർഹത്തിൽ നിന്ന് 3.03 ദിർഹമായും കുറഞ്ഞിട്ടുണ്ട്. രണ്ട് മാസത്തെ തുടർച്ചയായ വർധനവിന് ശേഷമാണ് വിലക്കുറവ് താമസക്കാർക്ക് ആശ്വാസം പകരുന്നത്.
2015-ൽ യുഎഇ വിലനിയന്ത്രണം നീക്കാൻ തുടങ്ങിയത് മുതൽ യുഎഇയുടെ ഇന്ധനവില കമ്മിറ്റി എല്ലാ മാസാവസാനവും പ്രാദേശിക റീട്ടെയിൽ ഇന്ധന നിരക്കുകൾ പരിഷ്കരിക്കാറുണ്ട്. നികുതി നിരക്ക് കുറവായതിനാൽ യുഎസിലും മിക്ക ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലും ഉള്ളതിനേക്കാൾ യുഎഇ യിലെ പെട്രോൾ വില വളരെ കുറവാണ്. യുഎഇയിൽ ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം മൂല്യവർധിത നികുതി (വാറ്റ്) മാത്രമേ ബാധകമാകുന്നുള്ളൂ.