കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന അക്രമികളുടെ പേര് പുറത്ത് വിടണമെന്ന് ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). അറസ്റ്റ് ഉണ്ടായാൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഫെഫ്ക്ക വ്യക്തമാക്കി, കൂടാതെ അതിജീവിതരെ തുടർ നടപടികളിൽ സഹായിക്കുമെന്നും ഫെഫ്ക്ക വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികൾ സ്വീകരിക്കാനും അതിജീവിതരെ സഹായിക്കും.
അതിജീവിതകൾക്ക് സഹായം നൽകാൻ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തും . ഭയാശങ്കകളെ അകറ്റാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തിൽ പ്രധാന കണ്ടെത്തലോ അറസ്റ്റോ ഉണ്ടായാൽ വലിപ്പ ചെറുപ്പമില്ലാതെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഫെഫ്ക പറയുന്നു.
‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാവട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും ഫെഫ്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.