ഇസ്രായേൽ, ജർമനി എന്നിവിടങ്ങളിൽ ആഭ്യന്തര പ്രക്ഷോഭം നടക്കുന്നത് മൂലം യുഎഇയിൽ നിന്നുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ വിമാനങ്ങളുടെ സർവീസുകളെയാണ് പ്രക്ഷോഭം ബാധിച്ചത്. ഇസ്രായേലിലെ ബെൻ ഗുറിയോൺ ഇന്റർനാഷനൽ എയർപോർട്ടിൽ ഇറങ്ങേണ്ട ഇത്തിഹാദ് എയർവേസിന്റെ വിമാനം അബൂദാബിയിൽ തന്നെ തിരിച്ചിറക്കി. ഇതോടെ തെൽ അവീവിലേക്കും തിരിച്ചുമുള്ള ഇസ്രായേൽ വിമാനങ്ങളും റദ്ദാക്കേണ്ടി വന്നു എന്ന് അധികൃതർ അറിയിച്ചു.
ആഭ്യന്തര പ്രക്ഷോഭത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അടുത്ത ദിവസങ്ങളിലെ സർവീസിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയിക്കാൻ സാധിക്കുള്ളുവെന്ന് ഇത്തിഹാദ് വ്യക്തമാക്കി. അതേസമയം ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ എല്ലാ സർവീസുകളും നിർത്തിവെക്കാൻ നിർദേശിച്ചിരുന്നു. പിന്നീട് സർവീസ് പുനരാരംഭിക്കുകയും ചെയ്തു. ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് പോവേണ്ടിയിരുന്ന രണ്ട് ഫ്ലൈ ദുബായ് വിമാനങ്ങളും വൈകി. എഫ് ഇസഡ് 1550, എഫ്.ഇസഡ് 1210 വിമാനങ്ങളാണ് വൈകിയത്.
ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം മാറ്റുന്നതിനായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെയാണ് ഇസ്രായേലിൽ ഏറ്റവും വലിയ തൊഴിലാളി സംഘടന സമരം നടക്കുന്നത്. എന്നാൽ ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് ജർമനിയിലും തൊഴിലാളികൾ സമരം നടത്തുന്നുണ്ട്. ഇതിനെ തുടർന്നും എമിറേറ്റ്സ് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജർമനിയിലെ മ്യൂണിക്, ഫ്രാങ്ക്ഫർട്ട്, ഡസിൽഡോർഫ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.