നാല് ദിവസത്തെ പെരുന്നാൾ അവധിക്ക് ശേഷം യുഎഇ ഇന്ന് വീണ്ടും ഔദ്യോഗിക തിരക്കുകളിലേക്ക് കടന്നു. ആഘോഷങ്ങൾക്കും അവധികൾക്കും ശേഷം സർക്കാർ, സ്വകാര്യ ഓഫീസുകളും സ്കൂളുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും.
നീണ്ട അവധിക്കു ശേഷം ആരംഭിക്കുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിലും മറ്റും വലിയ തിരക്ക് അനുഭവപ്പെട്ടേക്കാം. ഇത് കണക്കിലെടുത്ത് എമിഗ്രേഷൻ, ഗതാഗതം , ജലവൈദ്യുതി, മുൻസിപ്പാലിറ്റി തുടങ്ങിയ മേഖലകളിൽ പ്രത്യേകം തയ്യാറെടുപ്പുകൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. ഈ മേഖലകളിൽ കൂടുതൽ കൗണ്ടറുകളും തുറന്ന് പ്രവർത്തിക്കും. സർക്കാർ മേഖലകളിലെ തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും അറിയിപ്പുണ്ട്.
അവധിക്ക് ശേഷം സ്കൂളുകളും ആരംഭിക്കുന്നതോടെ ഗതാഗതകുരുക്കും അനുഭവപ്പെട്ടേക്കാം. ആയതിനാൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുന്നവർ നേരത്തെ ഇറങ്ങണമെന്നും അമിത വേഗത കാരണമുള്ള അപകടങ്ങൾ ഒഴിവാക്കണമെന്നും പോലീസ് ഓർമിപ്പിക്കുന്നു.
അതെ സമയം പെരുന്നാൾ അവധി ദിവസങ്ങളിൽ രാജ്യത്തുടനീളം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പാർക്കുകൾ, ബീച്ചുകൾ, എയർപോർട്ട്, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ കൂടുതൽ ആളുകളെത്തി. ഒമാൻ, ബഹ്റൈൻ ,ഖത്തർ ഉൾപ്പടെ അയൽ രാജ്യങ്ങളിലും പോയി അവധി ആഘോഷിച്ചവരും നിരവധിയാണ്.