വിദേശ നിർമ്മിത വസ്തുക്കളുടെ ഇറക്കുമതിക്ക് ഇളവ് പ്രഖ്യാപിച്ച് യുഎഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബി ഖസർ അൽ വത്തനിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ നിയമത്തിനു അംഗീകാരം നൽകിയത്.
പുതിയ കസ്റ്റംസ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെ മെയ്ക് ഇൻ ദ് എമിറേറ്റ് പദ്ധതിക്കും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. യുഎഇയിൽ ഉൽപാദിപ്പിക്കാത്തതും വ്യവസായങ്ങളിൽ ഉൾപ്പെടുന്നതുമായ വസ്തുക്കൾക്കാണ് കസ്റ്റംസ് ഇളവ് നൽകുക. തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിക്കാൻ ഫാക്ടറികളെ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
പ്രാദേശിക ഉൽപന്നങ്ങളുടെ വിപണനവും ഇതുവഴി സാധ്യമാകും. മതിയായ ഉദ്യോഗസ്ഥരുടെയും സാമ്പത്തിക സ്രോതസുകളുടെയും ലഭ്യത ഉണ്ടായിട്ടും ചില മന്ത്രാലയങ്ങളും വകുപ്പുകളും സംഘടനകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്നു ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ഭാവിയുടെ ആവശ്യം നിറവേറ്റുന്നതിന് ജീവനക്കാരെ സജ്ജരാക്കാൻ വിദഗ്ധ പരിശീലന പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി.