കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. പത്തനംതിട്ട സ്വദേശികളായ ദമ്പതികൾക്ക് വേണ്ടിയാണ് നരബലിയെന്നാണ് സൂചന. കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കഴിഞ്ഞ മാസം 26-ാം തിയതിയാണ് കടവന്ത്രയിലെ ലോട്ടറി വിൽപനക്കാരിയായ പത്മയെ കാണാതായത്. തുടർന്നുണ്ടായ പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്.
പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പൊലീസിനെ പത്തനംതിട്ടയിലെ ദമ്പതിമാരിലെത്തിച്ചു . പിന്നീടാണ് ജൂണിൽ കാലടി സ്വദേശിനിയായ റോസ്ലിയെയും സമാന രീതിയിൽ കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇതിന് പിന്നാലെ നരബലിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നു.
പത്തനംതിട്ടയിലെ സ്വദേശിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ പത്തനംതിട്ടയിലെത്തിച്ച് ബലി നൽകിയെന്നാണ് പുറത്ത് വരുന്ന വിവരം. കാലടി സ്വദേശിയായ സ്ത്രീയെ മറ്റൊരു ആവശ്യത്തിനെന്ന കാരണം പറഞ്ഞാണ് പത്തനംതിട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ബലി പൂജകൾക്ക് ശേഷം രണ്ട് പേരുടെയും മൃതദേഹം കക്ഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.