ദില്ലി: കണ്ണൂർ – ബെംഗളൂരു എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടിയ പ്രഖ്യാപനം ഉടൻ നടപ്പിലാക്കുമെന്നും സർവ്വീസ് ഉടനെ ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചായി എംകെ രാഘവൻ എംപി അറിയിച്ചു.
കണ്ണൂർ – ബെംഗളൂരു എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടിയ റെയിൽവേയുടെ നീക്കം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് മംഗലാപുരം എംപി നളിൻ കുമാർ കട്ടീൽ കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട് എംപിയും റെയിൽവേ മന്ത്രിയെ കണ്ടത്.
നേരത്തെ റെയിൽവേ പ്രഖ്യാപിച്ച മംഗലാപുരം – മധുര – രാമേശ്വരം എക്സ്പ്രസ് ഉടൻ ആരംഭിക്കുമെന്നും, നഷ്ടത്തിലോടുന്ന ഗോവ – മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടുന്നതിനായുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞുവെന്നും മന്ത്രി ഇന്നത്തെ കൂടികാഴ്ചയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.
എം.കെ രാഘവൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ബാംഗ്ലൂർ കണ്ണൂർ എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടിയ പ്രഖ്യാപനത്തിൽ, സർവ്വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി ഇന്ന് നടത്തിയ കൂടികാഴ്ചയിൽ അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതീവ പ്രാധാന്യത്തോടെ ഇന്ന് മന്ത്രിയെ കാണാനിടയായ സാഹചര്യം വാർത്തകളിലൂടെ ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നു. ബാംഗ്ലൂരിൽ നിന്നും മംഗലാപുരം വഴി കണ്ണൂരിലേക്ക് നിലവിൽ സർവ്വീസ് നടത്തുന്ന 16511/12 ട്രെയിൻ കോഴിക്കോടേക്ക് നീട്ടിയ റെയിൽവേ ബോർഡ് തീരുമാനത്തെ എതിർത്ത് കഴിഞ്ഞ ദിവസം മംഗലാപുരം എം.പിയും മുൻ ബി.ജെപി കർണ്ണാടക സംസ്ഥാന അധ്യക്ഷനുമായ നളിൻ കുമാർ കട്ടീൽ റെയിൽവേ മന്ത്രിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് മന്ത്രിയെ നേരിൽ കണ്ടത്.
എം.പി എന്ന നിലയിൽ നിരവധി തവണ കേന്ദ്ര മന്ത്രിയോടും, റെയിൽവേ ബോർഡിന് മുൻപാകെയും, വർഷാവർഷം ഓരോ എം.പിമാരുടെയും മണ്ഡലത്തിലെ റെയിൽവേ ആവശ്യങ്ങൾ അറിയുന്നതിനും, പരിഹാരം നൽകുന്നതിനുമായി ജന. മാനേജർ വിളിച്ചുചേർക്കുന്ന എം.പിമാരുടെ യോഗത്തിലും ഉന്നയിച്ച ആവശ്യത്തിനാണ് ഒരാഴ്ച മുൻപ് റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്.
സർവ്വീസ് നീട്ടിയ തീരുമാനത്തിന് കോഴിക്കോടിന് വേണ്ടി മന്ത്രിയെ നന്ദി അറിയിച്ചതോടൊപ്പം തന്നെ ബാഹ്യ സമ്മർദ്ധത്താൽ തീരുമാനം പിൻവലിക്കരുതെന്നും, പിൻവലിച്ചാൽ ജനകീയ പ്രക്ഷോഭമുണ്ടാവുമെന്നും, എം.പി എന്ന നിലയിൽ അതിന് നേതൃത്വം നൽകേണ്ടി വരുമെന്ന കാര്യവും മന്ത്രിയെ ബഹുമാനപുരസരം അറിയിച്ചു. ചില കോണുകളിൽ നിന്ന് ബാലിശമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഇത്തരം എതിർപ്പുകളെയും നാം ഒറ്റക്കെട്ടായി മറികടക്കും.
മന്ത്രിയുമായി നടത്തിയ മുൻ കൂടികാഴ്ചകളിലും, മുൻപ് പാർലമെന്റിലും ഉന്നയിച്ച് ശ്രദ്ധ ക്ഷണിച്ച മംഗലാപുരം മധുര രാമേശ്വരം എക്സ്പ്രസ് ഉടൻ ആരംഭിക്കുമെന്നും, നഷ്ടത്തിലോടുന്ന ഗോവ മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടുന്നതിനായുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞുവെന്നും മന്ത്രി ഇന്നത്തെ കൂടികാഴ്ചയിൽ വ്യക്തമാക്കിയ വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുകയാണ്.
കോഴിക്കോടിനെ കോയമ്പത്തൂർ, എറണാകുളം സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് പുതിയ മെമു സർവ്വീസുകൾ ആരംഭിക്കുക, ട്രാക്ക് അറ്റകുറ്റപണികളുടെ പേരിൽ നിർത്തലാക്കിയ സർവ്വീസുകൾ അറ്റകുറ്റപ്പണികൾ കഴിഞ്ഞ പശ്ചാത്തലത്തിൽ ഉടൻ പുനഃ:സ്ഥാപിക്കുക, 16610 മംഗലാപുരം കോഴിക്കോട് എക്സ്പ്രസ് മെമു റേക്കുകളായി മാറ്റി പാലക്കാട് വരെ നീട്ടി സർവ്വീസ് പുനഃക്രമീകരിക്കുക, മംഗലാപുരത്തു നിന്നും പാലക്കാട് വഴി പുതിയ ബാംഗ്ളൂർ സർവ്വീസ് ആരംഭിക്കുക, പാർലമെന്റ് മണ്ഡലത്തിന് കീഴിലെ ആവശ്യങ്ങളുയർന്നതും, തിരക്കേറിയതുമായ കടലുണ്ടി,മണ്ണൂർ, പി.ടി. ഉഷ റോഡ്, ബട്ട് റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയിൽവേ സ്വമേധയാ ഫ്ളൈ ഓവറുകളും, കുണ്ടായിത്തോട്, ചക്കോരത്തുകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അണ്ടർ പാസുകളും സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും വീണ്ടും മന്ത്രിയുടെ മുന്നിൽ ഉന്നയിച്ചിട്ടുണ്ട്.