ജെഎന്‍യു ക്യാംപസില്‍ വനിതാ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. കാറിലെത്തിയവര്‍ രണ്ട് വനിതാ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ഇവര്‍ മദ്യപിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
മദ്യപിച്ചെത്തിയവരാണ് അതിക്രമം കാണിച്ചത്. അക്രമികള്‍ പെണ്‍കുട്ടികളുടെ മുന്നില്‍ വാഹനം നിര്‍ത്തി സംസാരിച്ചതിന് ശേഷം ഇവരെ കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ബഹളം വെച്ചതോടെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓടി കൂടി.
രക്ഷിക്കാന്‍ ഓടി കൂടിയവരെയും കാറിലുണ്ടായിരുന്നവര്‍ തള്ളിയിടാനും ആക്രമിക്കാനും മറ്റും ശ്രമിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിയതോടെ ഇവര്‍ കാര്‍ എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡല്‍ഹി പൊലീസില്‍ നല്കിയ പരാതിയില്‍ അക്രമികള്‍ പിന്തുടരാനും ഉപദ്രവിക്കാനും തട്ടിക്കൊണ്ടു പോവാനും ശ്രമിച്ചതായി പറയുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് നിലവില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല.
പരാതി ലഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. കേസ് അന്വേഷിക്കുന്നതായും പൊലീസ് വ്യക്തമാക്കി.