കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇക്കുറിയും സസ്യാഹാരം തന്നെ വിളമ്പാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കലോത്സവവേദികളിലേക്ക് അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരെ മാത്രമേ പ്രവേശിപ്പിക്കൂവെന്നും മാധ്യമപ്രവർത്തകർക്കായി പ്രത്യേക ഇരിപ്പിടം സജ്ജമാക്കണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ കോഴിക്കോട് നടന്ന കലോത്സവത്തിനിടെ കുട്ടികൾക്ക് ബിരിയാണി വിളമ്പണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. പിന്നീട് അടുത്ത വർഷം മുതൽ കലോത്സവ മാന്വൽ പരിഷ്കരിക്കുമെന്നും കലോത്സവത്തിന് സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വർഷത്തെ കലോത്സവത്തിലും അങ്ങനെയൊരു മാറ്റമുണ്ടാകില്ലെന്നാണ് ഇപ്പോൾ വിദ്യാഭ്യസമന്ത്രി വ്യക്തമാക്കുന്നത്.
അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രത്യേക പാസ് നൽകും. മാധ്യമപ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ല. കൂടാതെ നവമാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. കലോത്സവത്തിൻറെ സ്വർണക്കപ്പ് കോഴിക്കോടുനിന്ന് കൊല്ലത്തേക്ക് ആഘോഷപൂർവം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.