കുട്ടികൾ സ്കൂൾ ബസ്സിൽ കുടുങ്ങി പോവാതിരിക്കാൻ സുരക്ഷാ സംവിധാനവുമായി ഖത്തറിലെ വിദ്യാർത്ഥികൾ. കഴിഞ്ഞ വർഷം അൽ വക്റയിലെ സ്കൂളിൽ കെ ജി വിദ്യാർത്ഥിയായിരുന്ന മിൻസ മറിയം ജേക്കബ് എന്ന നാല് വയസ്സുകാരി സ്കൂൾ ബസ്സിൽ വച്ച് മരണപ്പെട്ടിരുന്നു. ബസ്സിനുള്ളിൽ ഉറങ്ങിപ്പോയതിനെ തുടർന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഖത്തറിലെ പ്രവാസി സമൂഹത്തിനും സ്വദേശികൾക്കുമെല്ലാം ഇത് വലിയ ദുഃഖമുണ്ടാക്കി. ഈ സംഭവമാണ് ഖത്തറിലെ രണ്ടു സ്കൂൾ വിദ്യാർഥിനികളെ സ്കൂൾ ബസിൽ ഘടിപ്പിക്കുന്ന സെൻസർ കണ്ട് പിടിക്കാൻ പ്രേരിപ്പിച്ചത്.
വീട്ടിൽനിന്ന് സ്കൂളിലേക്ക് രാവിലെയുള്ള യാത്രയിൽ കുട്ടികൾ ബസിൽ കുടുങ്ങി പോകാതിരിക്കാനാണ് പുതിയ കണ്ടുപിടിത്തം. മഹ അബ്ദുല്ല അൽ മർറി, റാണ മുഹമ്മദ് എന്നീ രണ്ട് ഖത്തരി വിദ്യാർഥിനികളാണ് ഇതിന് പിന്നിൽ. പ്രശസ്തമായ അൽ ആൻഡലസ് പ്രൈമറി ഗേൾസ് സ്കൂൾ വിദ്യാർഥിനികളാണ് ഇവർ. മിൻസ മറിയത്തിന്റെ മരണം ഇവരെ വിഷമത്തിലാക്കിയിരുന്നു. തുടർന്നുള്ള ആലോചനയിലാണ് സ്കൂൾ ബസിൽ കുട്ടികൾ ഉറങ്ങിപ്പോയാൽ കണ്ടെത്താനുള്ള സെൻസർ സംവിധാനം ഇവർ കണ്ടെത്തിയത്. സ്കൂൾ ബസിന്റെ ഡോറിൽ ഘടിപ്പിക്കുന്ന സെൻസർ വഴി ബസിലുള്ള കുട്ടികളുടെ എണ്ണം കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കും.
അതേസമയം കുട്ടികളുമായി ബസ് ലക്ഷ്യ സ്ഥാനത്ത് എത്തിയാൽ എല്ലാവരും ഇറങ്ങിയോ എന്ന് സെൻസർ പറയും. അതുകൊണ്ട് തന്നെ കുട്ടികൾ ബസിൽ ഉറങ്ങിപ്പോവുകയോ മറ്റോ സംഭവിക്കുന്ന സാഹചര്യമുണ്ടാവില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കൂടാതെ ഡോറിലെ സെൻസർ സ്ക്രീനുമായി ബന്ധിപ്പിച്ച് ബസിനുള്ളിൽ പ്രവേശിച്ചവരുടെ കൃത്യമായ എണ്ണവും ഇതിലൂടെ അടയാളപ്പെടുത്താം. കുട്ടികളെ ഇറക്കി വിട്ടതിന് ശേഷം ബസ് സ്കൂളിലോ പാർക്കിങ് സ്റ്റേഷനിലോ എത്തുമ്പോൾ സ്ക്രീനിൽ ബസിനകത്തുള്ളവരുടെ എണ്ണം തെളിയും. ആരെങ്കിലും ബസ്സിനുള്ളിൽ അവശേഷിക്കുന്നുവെങ്കിൽ ഡ്രൈവർക്കും ചുമതലയുള്ളവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നതാണ് സംവിധാനം.
കണ്ടുപിടിത്തവുമായി മഹയും റാണയും ഖത്തർ യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ സമീപിച്ചു. സർവകലാശാല എൻജിനീയർമാരുടെ സഹായത്തോടെ ഉപകരണം കൂടുതൽ ശാസ്ത്രീയമാക്കുകയും ചെയ്തു. സെൻസർ സംവിധാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകൾക്ക് ഉപകാരപ്പെടുമെന്നും രക്ഷിതാക്കൾക്ക് ആശ്വാസം പകരുന്നതുമാണെന്ന് ഇരുവരും പറഞ്ഞു.