ലണ്ടൻ: ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ കലാപം കൂടുതൽ ശക്തിപ്പെട്ടു. ലിവർപൂളിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തോടെയാണ് വംശീയ കലാപം ആളിക്കത്താൻ ആരംഭിച്ചത്. ഇതിനോടകം നിരവധി ആഫ്രിക്കൻ – ഏഷ്യൻ വംശജ്ഞരെ കലാപകാരികൾ ആക്രമിച്ചതായാണ് വിവരം. കലാപത്തിന് ഇറങ്ങുന്നതിലും അക്രമം നടത്തുന്നതിലും ഭൂരിപക്ഷവും പ്രായപൂർത്തിയാക്കാത്ത കൗമാരക്കാരാണ് എന്നതിനാൽ പൊലീസ് നടപടിയും ശക്തമല്ല. പലയിടത്തും പ്രക്ഷോഭകാരികളുടെ ആക്രമണത്തിൽ നിരവധി പൊലീസുകാർക്കും പരിക്കേറ്റു.
നോർത്തേൺ അയർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റിൽ താമസിക്കുന്ന മലയാളി യുവാവിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ രാത്രിയിലായിരുന്നു സംഭവം. നേരത്തെ ഇയാൾക്ക് നേരെ പ്രദേശവാസികളായ ചിലർ മുട്ടയേറ് നടത്തിയിരുന്നു. ഇതിനെ യുവാവ് ചോദ്യം ചെയ്തു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം. താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവാവിനെ പിന്നാലെയെത്തിയ സംഘം തള്ളിയിട്ട ശേഷം വളഞ്ഞിട്ട് ചവിട്ടുകയായിരുന്നു. പരിക്കേറ്റ യുവാവ് ആശുപത്രിയിലെത്തി ചികിത്സ തേടി. ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അക്രമത്തെ തുടർന്ന് ബെൽഫാസ്റ്റിലെ മലയാളികളാകെ ആശങ്കയിലാണ്. പ്രക്ഷോഭമേഖലയിൽ താമസിക്കുന്ന മലയാളികൾ ജാഗ്രത പുലർത്തണമെന്നും അനാവശ്യമായി പുറത്തേക്ക് ഇറങ്ങരുതെന്നും ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ ജാഗ്രത വേണമെന്നും മലയാളി വാട്സാപ്പ് കൂട്ടായ്മകളിൽ പലരും മുന്നറിയിപ്പ് നൽകുന്നു. കൂട്ടമായി മലയാളം സംസാരിച്ചു തദ്ദേശീയരെ പ്രകോപിപ്പിക്കരുതെന്നും ചിലർ ഓർമ്മപ്പെടുത്തുന്നു. അടുത്തിടെ യുകെയിലേക്ക് കുടിയേറിയ പലരും സ്വദേശികളെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് പെരുമാറുന്നതെന്നും ഇതു പലപ്പോഴും സംഘർഷത്തിന് കാരണമാകുന്നുവെന്നും വിമർശനമുണ്ട്. കഴിഞ്ഞ ദിവസവും ഒരു ഏഷ്യൻ വംശജ്ഞൻ്റെ കടയ്ക്ക് പ്രക്ഷോഭകാരികൾ തീയിട്ടിരുന്നു. ഇപ്പോഴും സമരക്കാരും പൊലീസും പലിയടത്തും ഏറ്റുമുട്ടുന്നുണ്ട്.