ട്വിറ്ററിന് പുതിയ സി ഇ ഒ യെ ഇലോൺ മസ്ക് പ്രഖ്യാപിച്ചു. എന്നാൽ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് സ്വന്തം വളർത്തു നായയെയാണ് മസ്ക് ട്വിറ്ററിൻ്റെ സി ഇ ഒ ആയി നിയമിച്ചിരിക്കുന്നത്. ഷിബാ ഇനു ഇനത്തിൽപെട്ട ‘ഫ്ലോകി’ എന്ന് പേരുള്ള നായയാണ് ഇനി ട്വിറ്ററിൻ്റെ സി ഇ ഒ. അതേസമയം ഈ വർഷം അവാസനത്തോടെ ട്വിറ്ററിന് പുതിയ സി ഇ ഒ യെ നിയമിക്കുമെന്ന് ഇന്നലെ ദുബായിൽ നടന്ന ആഗോള സർക്കാർ ഉച്ചകോടിയിൽ മസ്ക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വളർത്തു നായയെ സി ഇ ഒയായി പ്രഖ്യാപിച്ചിരിക്കുന്നത്.
‘ട്വിറ്ററിൻ്റെ പുതിയ സി ഇ ഒ അതിശയകരമാണ്’ എന്ന കുറിപ്പിനൊപ്പം സി ഇ ഒ എന്നെഴുതിയ കറുത്ത ടീ ഷർട്ട് ധരിച്ച് മേശപ്പുറത്ത് കൈകൾ വച്ച് ഇരിക്കുന്ന ഫ്ലോക്കിയുടെ ചിത്രം മസ്ക് ട്വിറ്ററിലൂടെ പങ്കുവച്ചു. ട്വിറ്റർ ലോഗോയുള്ള രേഖകളും ഒരു ചെറിയ ലാപ്ടോപ്പും ഫോക്ലിയുടെ മുന്നിലുള്ള മേശപ്പുറത്ത് കാണാം. ഷിബാ ഇനു ജപ്പാനിലെ വേട്ടപ്പട്ടിയിനത്തിൽ പെട്ട നായയാണ്.
The new CEO of Twitter is amazing pic.twitter.com/yBqWFUDIQH
— Elon Musk (@elonmusk) February 15, 2023
44 ബില്യൺ ഡോളറിനാണ് ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. ഇതിന് പിന്നാലെ ട്വിറ്റർ സി ഇ ഒയായിരുന്ന പരാഗ് അഗർവാളിനെ മസ്ക് പുറത്താക്കുകയും ചെയ്തിരുന്നു. കൂടാതെ ഉയർന്ന പദവിയിലുള്ള ജീവനക്കാരെയും മാറ്റിയിരുന്നു. ഇത് വൻ വിവാദങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ അവനേക്കാൾ മികച്ചവനാണെന്ന കുറിപ്പ് കൂടി മസ്ക് ട്വീറ്റിൽ എഴുതി ചേർത്തിട്ടുണ്ട്. മുൻ സി.ഇ.ഒ പരാഗ് അഗർവാളിനെ പരോക്ഷമായി മസ്ക് പരാമർശിക്കുകയാണെന്നത് ഇതിലൂടെ വ്യക്തമാണ്.
He’s great with numbers! pic.twitter.com/auv5M1stUS
— Elon Musk (@elonmusk) February 15, 2023