അരലക്ഷത്തോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട ഭൂചലനത്തിന്റെ കനത്ത ആഘാതം വിട്ടുമാറാത്ത തുര്‍ക്കിയില്‍ ഇന്നലെ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്നുപേരാണ് മരിച്ചത്. 680 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ നിന്ന് കരകയറുന്നതിനിടെയാണ് ഹതായ് പ്രവിശ്യയിൽ വീണ്ടും ഭൂചലനം സംഭവിച്ചത്. ഇതോടെ ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് ആളുകൾ രാത്രിയില്‍ തന്നെ വീടുകളുപേക്ഷിച്ച് തുറസായ സ്ഥലങ്ങളില്‍ അഭയം തേടി.
രണ്ടാഴ്ച മുൻപുണ്ടായ ഭൂകമ്പത്തില്‍ സർവതും നഷ്ടപ്പെട്ട ഹതായ് മേഖലയിലെ തെരുവിലെ ടെന്റുകളില്‍ ഉറങ്ങിയ മനുഷ്യർ വീണ്ടും ദുരന്തമുഖത്തായി. ഭൂമി പിളരുന്നത് പോലെ തോന്നിയാണ് പലരും ഉറക്കം ഞെട്ടിയത്. ടെന്റുകൾക്ക് പുറത്ത് ആളുകള്‍ ഓടിക്കൂടി.
ഭൂചലനം ഉണ്ടായ സമയത്ത് പ്രാദേശിക പാര്‍ട്ടി നേതാവ് ലുഫ്തി കാസ്കി ബെംഗു ടര്‍ക്ക് ടിവിയില്‍ അഭിമുഖം നൽകുകയായിരുന്നു. പേടിച്ചരണ്ട കുട്ടികള്‍,വാർധക്യത്തിലെത്തിയവർ,തുടരെയുണ്ടാകുന്ന ഭൂചലനത്തില്‍ സകല പ്രതീക്ഷയും ഇല്ലാതായവർ, ഇനിയും ഒരു ആഘാതം താങ്ങാൻ കഴിയാത്തവിധം കൈയില്‍ കിട്ടാവുന്നതെല്ലാം എടുത്ത് വീണ്ടും തെരുവിലിറങ്ങുകയാണ്. ആംബുലൻസുകളും രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങളും വീണ്ടും കർമ്മനിരതമാകുന്നു. ഇനി ഒരു ഭൂചലനം കൂടി താങ്ങാനാവാത്തവിധം ആഘാതമേറ്റുകഴിഞ്ഞു തുര്‍ക്കിക്കും സിറിയയ്ക്കും.