എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എസ്.എഫ്.ഐ വിരുദ്ധ ക്യാംപയിനുമായി വന്നാല്‍ നേരത്തെയും കേസെടുത്തിട്ടുണ്ടെന്നും ഇനിയും കേസെടുക്കുമെന്നും എം.വി ഗോവിന്ദന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘കേസിന്റെ മെറിറ്റിലേക്ക് ഞാന്‍ പോകുന്നേയില്ല. കേസ് എന്ത് എന്നുള്ളതല്ല, ഗൂഢാലോചനക്കാരെ മുഴുവന്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ നിയമത്തിനു മുന്നില്‍ കൊണ്ട് വരാനുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടത്. മാധ്യമത്തിന്റെ പേര് പറഞ്ഞ് ആര്‍ക്കും ഒഴിയാന്‍ കഴിയില്ല. മാധ്യമം മാധ്യമത്തിന്റേതായ സ്റ്റാന്‍ഡില്‍ വേണം നില്ക്കാന്. അല്ലാതെ സര്‍ക്കാര്‍ വിരുദ്ധ, എസ്എഫ്ഐ വിരുദ്ധ ക്യാംപയിനുമായി വന്നാല്‍, മുമ്പും ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. ഇനിയും ഉള്‍പ്പെടുത്തും,’ എം.വി ഗോവിന്ദന് പറഞ്ഞു.
കേസില്‍ ഗൂഢാലോചന നടത്തിയവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ആവശ്യമായ നിലപാട് സ്വീകരിക്കുകയും വേണം. ഇന്നയാളെ ഒഴിവാക്കണം,ഒഴിവാക്കേണ്ട എന്ന നിലപാടില്ല എന്നും എം വി ഗോവിന്ദന് പറഞ്ഞു.
പൂര്‍ണമായും സാധാരണമായി ക്യാംപസില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ റിസള്‍ട്ട് മാര്‍ക്ക് പൂജ്യമാണെന്ന് കണ്ടിട്ടും അതില്‍ പാസ്ഡ് എന്ന് കണ്ട്, അത് വാര്‍ത്തയാക്കി, കേരളത്തില്‍ അങ്ങോളം ഇങ്ങോളം വലിയ രീതിയിലുള്ള ഗൂഢാലോചന നടത്തിയതിന് പിന്നില്‍ ആരൊക്കെയാണോ, അവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
അതേസമയം പിഎം ആര്‍ഷോ നല്കിയ ഗൂഢാലോചന കേസില്‍ മാധ്യമ പ്രവര്‍ത്തകയെ പ്രതിചേര്‍ത്തതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് എം. വി ഗോവിന്ദന്റെ പ്രസ്താവന. കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെയും പ്രതിചേര്‍ത്ത് കേസെടുത്തത്. കെഎസ് യു പ്രവര്‍ത്തകരെയും പ്രതിചേര്‍ത്ത കേസില്‍ അഞ്ചാം പ്രതിയായാണ് റിപ്പോര്‍ട്ടറെ പ്രതിചേര്‍ത്തിരിക്കുന്നത്.