സുല്‍ത്താന്‍ ബത്തേരിക്കടുത്ത് സിസിയില്‍ പശുക്കിടാവിനെ കടിച്ചുകൊന്ന കടുവ വീണ്ടും എത്തി. ഇന്നലെ രാത്രിയോടെയാണ് കടുവ വീണ്ടും അതേ സ്ഥലത്ത് തന്നെ എത്തിയത്. കാലിതൊഴുത്തില് സ്ഥാപിച്ച സിസിടിവി ക്യാമറിയിലാണ് കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കഴിഞ്ഞ ദിവസമാണ് കടുവ ഞാറയ്ക്കല്‍ സുരേന്ദ്രന്റെ പശുത്തൊഴുത്തില്‍ എത്തി പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചത്. കാല്പാടുകള് തിരിച്ചറിഞ്ഞാണ് കടുവയാണെന്ന് ഉറപ്പിച്ചത്. ഇതിന് പിന്നാലെയാണ് തൊഴുത്തില്‍ ക്യാമറ സ്ഥാപിച്ചത്.
വീണ്ടും തൊഴുത്തില്‍ എത്തിയ കടുവ അതേ കിടാവിന്റെ അവശിഷ്ടങ്ങള്‍ ഭക്ഷിച്ച് മടങ്ങി. കടുവയുടെ ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.
കടുവയുടെ പ്രായവും മറ്റു വിവരങ്ങളും വനം വകുപ്പ് ശേഖരിച്ചു വരികയാണ്. പ്രദേശത്ത് കൂട് സ്ഥാപിക്കാന്‍ അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നേരത്തെ വാകേരിയില്‍ കടുവയിറങ്ങി ഒരു യുവാവിനെ കൊലപ്പെടുത്തിയത് നാട്ടില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഇതിന് പിന്നാലെ കടുവയെ വനം വകുപ്പ് കൂട് വെച്ച് പിടിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വയനാട്ടില്‍ വീണ്ടും ജനങ്ങളെ പരിഭ്രാന്തിയിലാക്കിക്കൊണ്ട് കടുവ ഇറങ്ങിയത്.