ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനു തീയിട്ട അക്രമിക്കായി തിരച്ചിൽ തുടരുന്നു. സംഭവത്തിൽ 3 പേർ മരിച്ചിരുന്നു. ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിനില്‍ എലത്തൂരിൽ വച്ചാണ് സംഭവമുണ്ടായത്. അക്രമി ഡി1 കോച്ചിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ (2), നൗഫീഖ് എന്നിവർ മരിച്ചു. തീപടര്‍ന്നപ്പോള്‍ രക്ഷപ്പെടാൻ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് സംശയം.
പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കിൽനിന്ന് പൊലീസ് കണ്ടെത്തി. ബാഗിനുള്ളിൽ ഒരു കുപ്പി പെട്രോളും മൊബൈൽ ഫോണുമാണുള്ളത്. ബാഗ് ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. അക്രമി രണ്ട് കുപ്പിയില്‍ പെട്രോള്‍ കരുതിയിരുന്നതായി യാത്രക്കാര്‍ പറഞ്ഞിരുന്നു. ട്രാക്കില്‍നിന്ന് കണ്ടെടുത്ത ടിഫിന്‍ ബോക്സും പരിശോധിക്കുകയാണ്.
എലത്തൂർ പാലത്തിന് സമീപമുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യത്തിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ബൈക്കിൽ പോകുന്നതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചു. ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിന്റെ നിഗമനം. സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്ക് പൊള്ളലേറ്റു. ഇതിൽ അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കതിരൂര്‍ സ്വദേശി അനില്‍ കുമാര്‍, മകന് അദ്വൈത്, ഭാര്യ സജിഷ, തളിപ്പറമ്പ് സ്വദേശി റൂബി, എറണാകുളം സ്വദേശിനി അശ്വതി, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ്, പ്രകാശന് എന്നിവർക്കാണ് പരുക്കേറ്റത്.