വ്യത്യസ്തമായ പ്രണയങ്ങളും വിവാഹങ്ങളും നിരവധിയാണ്. വ്യത്യസ്തമായ ചിന്താഗതിയുള്ളവർ ജീവിതപങ്കാളിയെ പോലും വേണ്ടെന്ന് വെയ്ക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ സ്വയം വിവാഹം ചെയ്യുന്നവരും നിരവധിയാണ്. ഇത്തരത്തിൽ ഗുജറാത്തില്‍ നിന്നുള്ള ക്ഷേമ ബിന്ദുവിന്റെ വിവാഹം ഏറെ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ യു.കെയില്‍ നിന്ന് വ്യത്യസ്തമായ ഒരു വിവാഹവാര്‍ത്തയാണ് വൈറലാവുന്നത്. സ്വന്തം ‘പുതപ്പിനെ’ വിവാഹം കഴിച്ച 49-കാരിയായ പാസ്കല്‍ സെലിക് ആണ് കഥയിലെ നായിക. എന്നാൽ സ്വന്തം കാമുകന്റേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു ഒരു വര്‍ഷം മുൻപ് ഈ വിവാഹം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ജീവിതത്തില്‍ ഇതുവരെയുള്ളതിൽ വച്ച് വളരെ ദൈര്‍ഘ്യമേറിയതും ആഴത്തിലുമുള്ള വിശ്വസ്തമായ ബന്ധമാണ് പുതപ്പിനോടുള്ളത്. പുതപ്പ് എപ്പോഴും അവിടെ കാത്തിരിപ്പുണ്ടാകുമെന്നും പാസ്കല്‍ സെലിക് പറയുന്നു. അതേസമയം കാമുകനായ ജോണിക്ക് ഇതെല്ലാം മനസിലാക്കാന്‍ സാധിക്കുമെന്നും പാസ്കലിന്റെ പുതപ്പിനോട് കാമുകന് ഇതുവരെ അസൂയ കാണിച്ചിട്ടില്ലെന്നും പാസ്കല്‍ വ്യക്തമാക്കി.
സംഗീതവും വലിയ ആഘോഷ പരിപാടികളോടും കൂടിയുള്ള ചടങ്ങോടെയാണ് വിവാഹം നടന്നത്. നൈറ്റ് ഗൗണും സ്ലിപ്പറുമായിരുന്നു പാസ്കലിന്റെ വിവാഹ വേഷം. കൂടാതെ വിരുന്നിന് വന്ന അതിഥികളും നിശാവസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അതേസമയം തണുപ്പ് താങ്ങാൻ കഴിയുന്നില്ലെങ്കിൽ കൈയില്‍ ടെഡി ബിയര്‍ പോലുള്ള പാവകളോ ചൂട് വെള്ളം നിറച്ച ബോട്ടിലുകളോ കരുതണമെന്നും അതിഥികള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. ഫിറ്റ്സ്ജെറാള്‍ഡ് എന്ന ഇവന്റ് ഓര്‍ഗനൈസറുടെ സഹായത്തോടെയാണ് പാസ്കലിന്റെയും പുതപ്പിന്റെയും വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം നടന്ന പാര്‍ട്ടിയില്‍ നിരവധി അതിഥികളും പങ്കെടുത്തു.