തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വാങ്ങിയ സ്ത്രീ നേരത്തെ മറ്റൊരു പെണ്‍കുട്ടിയെയും വാങ്ങിയിരുന്നതായി വിവരം. ചൈല്‍ഡ് ലൈനിനാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. കുട്ടിയെ വിറ്റ അമ്മ ആശുപത്രിയില്‍ നല്കിയ അഡ്രസ് തെറ്റാണെന്നും കണ്ടെത്തി.
വിഷയത്തില്‍ ഇടനിലക്കാരുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതായി ബാലാവകാശ കമ്മീഷന് അറിയിച്ചിട്ടുണ്ട്. കുട്ടിയെ വീട്ടിലെത്തിച്ച് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ക്ക് കൊടുത്തതായും വിവരം ലഭിച്ചു. ചൈല്‍ഡ് ലൈന്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
സ്വന്തമായി കുട്ടികളില്ലാത്തതിനാല്‍ വളര്‍ത്താനുള്ള ആഗ്രഹം കൊണ്ട് വാങ്ങിയതാണെന്നാണ് തൈക്കാട് നവജാത ശിശുവിനെ വാങ്ങിയ സംഭവത്തില്‍ കരമന സ്വദേശിയായ സ്ത്രീ പറഞ്ഞത്.
കുട്ടിയെ വില്‍പ്പന നടത്തിയവരും വാങ്ങിയവരും എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് നടപ്പാക്കിയതെന്നാണ് പൊലീസ് നിഗമനം. കാരണം കുട്ടിയെ പ്രസവിച്ച സ്ത്രീ ആശുപത്രിയില്‍ നല്കിയ വിവരങ്ങളും ഫോണ്‍നമ്പറും യഥാര്‍ത്ഥമല്ല. ഇവരെക്കുറിച്ച് കുട്ടിയെ വാങ്ങിയ സ്ത്രീ പറഞ്ഞ വിവരങ്ങളും തെറ്റാണ്.