സന്നദ്ധ പ്രവർത്തനത്തിന് സമ്മാനമായി ലഭിച്ച തുക വീണ്ടും സന്നദ്ധ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കാനൊരുങ്ങി ഒമാൻ പൗരൻ. രണ്ടു ഗ്രാമങ്ങളുടെ യാത്രാദൂരം കുറക്കുന്നതിനായുള്ള റോഡ് നിർമാണത്തിനാണ് ഒമാനി സന്നദ്ധപ്രവർത്തകനായ സഈദ് ബിൻ സലേം തുക നൽകിയത്. ഇതോടെ രണ്ടു ഗവർണറേറ്റുകളിലേക്കുള്ള യാത്രാദൂരം 3.5 മണിക്കൂറിൽനിന്ന് 30 മിനിറ്റായി ചുരുങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സന്നദ്ധ പ്രവർത്തനത്തിന് ലഭിച്ച സുൽത്താൻ ഖാബൂസ് അവാർഡ് തുക ഉപയോഗിച്ച് എസ്കവേറ്റർ വാങ്ങിയായിരുന്നു ഇദ്ദേഹം റോഡ് നിർമാണത്തിന് മേൽനോട്ടം നൽകിയിരുന്നത്. തെക്കൻ ശർഖിയ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന പർവതപ്രദേശമാണ് നിയാബത്ത് തിവിയിലെ ഹലൂത് ഗ്രാമം. വടക്കൻ ശർഖിയ ഗവർണറേറ്റിലുള്ള വാദി ബനി ഖാലിദിലെ വിലായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അൽ ഔദ്. ഈ രണ്ട് ഗ്രാമത്തെയും ബന്ധിപ്പിച്ചാണ് ഇദ്ദേഹം റോഡ് നിർമാണം വിജയകരമായി പൂർത്തിയാക്കിയത്.
റോഡ് സൗകര്യമില്ലാത്തതിനാൽ വളരെയധികം ബുദ്ധിമുട്ടിയാണ് ഇവിടുള്ളവർ യാത്ര ചെയ്തിരുന്നത്. ഈ ഗ്രാമങ്ങളിലേക്കെത്താൻ ഏകദേശം 200 കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. എന്നാൽ, പുതിയ റോഡ് വന്നതോടെ ഈ ദൂരം 10 കിലോമീറ്ററായി കുറഞ്ഞു.