പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് സിപിഎം മുസ്ലീം ലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് നടത്തിയ പരാമര്‍ശത്തിനെതിരെ പരസ്യമായി രംഗത്തെത്തി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കെ സുധാകരന് വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്ന് പിഎംഎ സലാം പറഞ്ഞു.
സിപിഎമ്മുമായി പരിപാടികളില്‍ സഹകരിക്കുന്നതിന് യു.ഡി.എഫ് സ്വീകരിച്ച നിലപാട് എല്ലാവര്ക്കും ബാധകമാണ്. അടുത്ത ജന്മത്തില് പട്ടിയാകുമെന്ന് കരുതി ഈ ജന്മത്തിലേ കുരയ്ക്കേണ്ടതില്ലെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. സിപിഎം ക്ഷണിച്ച പരിപാടിയില്‍ സഹകരിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇടി മു ഹമ്മദ് ബഷീര്‍ എം.പി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സുധാകരന് പ്രതികരണവുമായി രംഗത്തെത്തിയത്.
പലസ്തീന് വിഷയത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയായിരുന്നു എന്നായിരുന്നു ഇ.ടി പറഞ്ഞത്. അതേസമയം ഇടി പറഞ്ഞതില്‍ എന്ത് തീരുമാനമെടുക്കണമെന്ന് പാര്‍ട്ടി നേതാക്കന്മാര് നാളെ കൂടിച്ചേര്‍ന്ന് ആലോചിക്കും. നാളെ ഉച്ചയ്ക്ക് ഇതിനായി കോഴിക്കോട് ഓഫീസില്‍ നേതാക്കള്‍ യോഗം ചേരുന്നുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ട്. ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നുമാണ് പിഎംഎ സലാം പറഞ്ഞത്.
സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ല. അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമല്ലെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 11ന് കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ വെച്ചാണ് പലസ്തീന് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പരിപാടി ഉദ്ഘാടനം ചെയ്യും. റാലിയില്‍ മത, രാഷ്ട്ര, സാമൂഹിക, സാംസ്കാരിക മേഖലയിലെ ആളുകളെയും ക്ഷണിച്ചിട്ടുണ്ട്.