ഹൈദരാബാദ്: മെട്രോ നഗരത്തിൻ്റെ വിനോദസഞ്ചാരമേഖലയ്ക്ക് കൂടുതൽ ഊർജ്ജം നൽകി കൊണ്ട് പുതിയ ലുലുമാൾ അടുത്ത മാസം തുറക്കും. ഹൈദരാബാദിലെ കുകത്പള്ളിയിലാണ് ദക്ഷിണേന്ത്യയിലെ പുതിയ ലുലു മാൾ തുറക്കുന്നത്. 3500 കോടി ചിലവിട്ട് അഞ്ച് ലക്ഷം സ്ക്വയർഫീറ്റ് വിസ്തൃതിയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ മാളാണ് ഹൈദരാബാദിൽ ഒരുങ്ങുന്നത്. മാളിലും ഹൈപ്പർമാർക്കറ്റിലും മറ്റു ലുലു സ്ഥാപനങ്ങളിലുമായി ഏതാണ്ട് രണ്ടായിരം പേർക്ക് നേരിട്ട് ജോലി കിട്ടും.
ഏതാണ്ട് ഇരുന്നൂറോളം ഷോപ്പുകൾ ഈ മാളിലുണ്ടാവും. 75 അന്താരാഷ്ട്ര ബ്രാൻഡുകളും ലുലുവിലെത്തും. അഞ്ച് സിനിമ സ്ക്രീനുകളും 1400 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഫുഡ് കോർട്ടും ലുലുവിൽ ഒരുങ്ങുന്നുണ്ട്. മൂവായിരം കാറുകൾക്കുള്ള പാർക്കിംഗ് സൌകര്യവും മാളിലുണ്ടാവും.
ഹൈദരാബാദിൽ മറ്റൊരു ലുലുമാൾ കൂടി തുറക്കാൻ പദ്ധതിയുള്ളതായി നേരത്തെ യൂസഫലി വ്യക്തമാക്കിയിരുന്നു. 2500 കോടി രൂപ ഈ പദ്ധതിക്കായി ചെലവാക്കും. ഇതുകൂടാതെ നഗരത്തിൽ പ്രവർത്തിക്കുന്ന മഞ്ജീര മാൾ ഏറ്റെടുത്ത് നവീകരിക്കാനും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. 300 കോടി രൂപയാവും ഈ പദ്ധതിക്കായി വകയിരുത്തിയത്.
ചെന്നൈയിലും അഹമ്മദാബാദിലും മാളുകൾ തുറക്കാൻ ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ രണ്ടായിരം കോടി രൂപ മുതൽമുടക്കിലാവും ലുലു മാൾ നിർമ്മിക്കുക. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഈയിടെ ഗുജറാത്തിലെത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ചർച്ച നടത്തിയിരുന്നു.
2013-ലാണ് കൊച്ചിയിൽ ഇന്ത്യയിലെ ആദ്യത്തെ ലുലു മാൾ തുറക്കുന്നത്. 17 ഏക്കറിൽ 1.71 ലക്ഷം സ്ക്വയർഫീറ്റിലാണ് കൊച്ചി ലുലുമാൾ സ്ഥിതി ചെയ്യുന്നത്. പിന്നീട് തിരുവനന്തപുരം, ബെംഗളൂരു, ലക്നൌ നഗരങ്ങളിലേക്കും ലുലു മാൾ വന്നു. ഇനി കോഴിക്കോടും കോട്ടയത്തും ലുലു മാൾ വരാനുണ്ട്. കേരളത്തിൽ തന്നെ കൊച്ചി ഫോറം മാളിലും പാലക്കാട്ടും മലപ്പുറത്തും ലുലു ഹൈപ്പർ മാർക്കറ്റുകൾ വരും മാസങ്ങളിൽ തുറക്കാൻ ഒരുങ്ങുകയാണ്.