കമ്പത്തെ ജനവാസ മേഖലയില്‍ പ്രവേശിച്ച അരിക്കൊമ്പന് രണ്ടാമതും വിരണ്ടോടാന്‍ കാരണമായത് സമീപത്ത് പറത്തിയ ഡ്രോണ്‍ എന്ന് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ഡ്രോണ്‍ പറത്തിയ ആളെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.
ചിന്നമന്നൂര്‍ സ്വദേശികയായ യൂട്യൂബറെയാണ് പൊലീസ് അരിക്കൊമ്പന് സമീപം ഡ്രോണ്‍ പറത്തിയതിന് പിടികൂടിയത്. രാവിലെ കമ്പത്തെ ജനവാസ മേഖലയില്‍ പരിഭ്രാന്തി പരത്തി ഓടിയ അരിക്കൊമ്പന് പുളിന്തോട്ടത്തില്‍ പ്രവേശിച്ച് അവിടെ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഒരു ഡ്രോണ്‍ സമീപത്തെത്തിയതോടെ വീണ്ടും വിരണ്ട് ജനവാസ മേഖലയിലൂടെ ഓടി. വീണ്ടും വിരണ്ടോടിയ പശ്ചാത്തലത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്കി.
ജനവാസമേഖലയില്‍ നിന്ന് തുരത്തുന്നതിനായി അരിക്കൊമ്പനെ നാളെ മയക്കുവെടിവെച്ച് പിടികൂടി മേഘമല വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാണ് തമിഴ്നാട് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നാളെ രണ്ട് കുങ്കിയാനകളെ എത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തില്‍ എത്തിച്ച അരിക്കൊമ്പന് തമിഴ്നാട് ലോവര്‍ ക്യാംപില്‍ നിന്നും വനാതിര്‍ത്തിയിലൂടെ കമ്പത്ത് എത്തിയതെന്നാണ് സൂചന. രാവിലെ മുതല്‍ ആന ടൗണില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്.
കമ്പത്ത് ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ച് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.