വിശുദ്ധ റമദാൻ മാസാരംഭം സൂചിപ്പിക്കുന്ന ചന്ദ്രക്കലയുടെ ആദ്യ ചിത്രം യുഎഇ പുറത്തുവിട്ടു. യുഎഇ തലസ്ഥാനത്ത് രാവിലെ 8.15നാണ് ചന്ദ്രക്കല ദൃശ്യമായതെന്ന് അബുദാബി ആസ്ഥാനമായുള്ള അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. രാവിലെ ആകാശത്തിന് മുകളിൽ ചന്ദ്രക്കല വ്യക്തമായി കാണിക്കുന്ന ചിത്രം പകർത്തിയ മൂന്ന് വിദഗ്ധരിൽ സെന്റർ ഡയറക്ടർ മുഹമ്മദ് ഒഡെയും ഉൾപ്പെടുന്നു.
ചന്ദ്രോദയം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും ചന്ദ്രക്കല കാണാൻ കഴിയും. രാവിലെ 6.15 ന് തന്നെ ചന്ദ്രക്കല തെളിഞ്ഞിരുന്നു. എന്നാൽ സൂര്യപ്രകാശം കാരണം ചന്ദ്രനും നക്ഷത്രങ്ങളും പകൽ സമയത്ത് ദൃശ്യമാകില്ല. ഇതിന് സൂര്യൻ അസ്തമിക്കുന്നതിനായി കാത്തിരിക്കണമെന്ന് മുഹമ്മദ് ഒഡെ പറഞ്ഞു.
പകൽ സമയങ്ങളിലെ ആകാശ ഗോളങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നത് ആസ്ട്രോണമിക്കൽ കാമറ ഉപയോഗിച്ചാണ്. ആസ്ട്രോ ഇമേജിംഗ് എന്ന പ്രക്രിയയിലൂടെയാണ് ഇത്തരത്തിൽ ചിത്രങ്ങൾ പകർത്തുന്നത്. മാർച്ച് 23 വ്യാഴാഴ്ച യുഎഇയിൽ വിശുദ്ധ റമാദാൻ മാസം ആരംഭിക്കും. അതേസമയം ചൊവ്വാഴ്ച രാത്രി ചന്ദ്രക്കല കണ്ടില്ലെന്ന് ഔദ്യോഗിക സമിതി അറിയിച്ചു. ചന്ദ്രക്കല ദൃശ്യമാകുന്ന സമയമനുസരിച്ച് റമദാൻ മാസം 29 അഥവാ 30 ദിവസം നീണ്ട് നിൽക്കും