യുഎഇ യിലെ ഫെഡറൽ ജീവനക്കാർക്ക് റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ആണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്ത് വിട്ടത്. യുഎഇ കാബിനറ്റ് പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് സമയ ക്രമീകരണം.
തിങ്കൾ മുതൽ വ്യാഴം വരെ യുഎഇ സമയം പകൽ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ടര വരെയും വെള്ളിയാഴ്ച പകൽ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയുമാണ് പുതിയ പ്രവൃത്തി സമയം. കൂടാതെ റമദാനിൽ അധികാരികൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസൃതമായി സമയം ക്രമീകരിക്കുകയോ വർക്ക് ഫ്രം ഹോം ഷെഡ്യൂളുകൾ നടപ്പിലാക്കാനോ കഴിയുമെന്ന് എഫ്എഎച്ച്ആർ അറിയിച്ചു.
അതേസമയം പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സുപ്രീം കൗൺസിൽ അംഗങ്ങൾ, എമിറേറ്റ്സ് ഭരണാധികാരികൾ എന്നിവരെ എഫ്എഎച്ച്ആർ അഭിനന്ദിച്ചു. റമദാനോടനുബന്ധിച്ച് യുഎഇയിലെ പൗരന്മാർക്കും താമസക്കാർക്കും മികച്ച അനുഭവങ്ങൾ നൽകുന്നതിൽ യുഎഇ വേറിട്ട് നിൽക്കുന്നുവെന്നും അതോറിറ്റി അറിയിച്ചു.