ദില്ലി: കാത്തിരിപ്പിനൊടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആകെ ആഴ് ഘട്ടമായിട്ടാവും ഇക്കുറി തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക – ഏപ്രിൽ 26-ന്. ജൂൺ നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
തെരഞ്ഞെടുപ്പ് ഇങ്ങനെ –
- ഒന്നാം ഘട്ടം ഏപ്രിൽ 19
- രണ്ടാം ഘട്ടം ഏപ്രിൽ 26
- മൂന്നാം ഘട്ടം മെയ് ഏഴ്
- നാലാം ഘട്ടം മെയ് 13
- അഞ്ചാം ഘട്ടം മെയ് 20
- ആറാം ഘട്ടം മെയ് 25
- ഏഴാം ഘട്ടം ജൂൺ ഒന്ന്
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും 26 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കും. അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ ഏപ്രിൽ 19-നാണ് തെരഞ്ഞെടുപ്പ്. ആന്ധ്രാപ്രദേശിലും ഒഡീഷയിലും മെയ് 13-നുമാണ് തെരഞ്ഞെടുപ്പ്. സംസ്ഥാനങ്ങളിലെ ഫലവും ജൂൺ നാലിന് തന്നെയാവും പ്രഖ്യാപിക്കുക.
അതേസമയം സമീപകാലത്തെ ചരിത്രം പരിശോധിച്ചാൽ ദീർഘകാലം നീണ്ടു നിൽക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ഏതാണ്ട് രണ്ട് മാസത്തിന് അടുത്ത് രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുന്ന സ്ഥിതിയാണുള്ളത്. മെയ് 20-ഓടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി മെയ് അവസാനത്തോടെ ഫലപ്രഖ്യാപനം വരുമെന്നായിരുന്നു പൊതുവേ എല്ലാവരും കരുതിയത്. എന്നാൽ ജൂൺ ഒന്നിനാണ് ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നാലിനാണ് ഫല പ്രഖ്യാപനം. അതു കഴിഞ്ഞ് ജൂൺ പകുതിക്ക് മുൻപായി പുതിയ സർക്കാർ അധികാരമേൽക്കും.
കേരളത്തെ സംബന്ധിച്ച് വോട്ടെടുപ്പ് കഴിഞ്ഞ് നാൽപ്പത് ദിവസത്തോളം കാത്തിരുന്നാൽ മാത്രമേ ഫലമറിയാൻ സാധിക്കൂ. എന്തായാലും കേരളത്തിലെ നേതാക്കളും പാർട്ടികളും പ്രതീക്ഷിച്ചത് പോലെ ഏപ്രിലിൽ തന്നെ വോട്ടെടുപ്പ് നടക്കും. വിഷു കഴിഞ്ഞുള്ള ആഴ്ചയിൽ വോട്ടെടുപ്പ് ഉണ്ടാകും എന്നായിരുന്നു എല്ലാവരുടേയും കണക്കുകൂട്ടൽ. ഏപ്രിൽ 19-ന് തൃശ്ശൂർ പൂരം വരുന്നതിനാൽ അതും കഴിഞ്ഞുള്ള ആഴ്ചയിലാണ് നിലവിൽ തെരഞ്ഞെടുപ്പ് വരുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചരണതന്ത്രങ്ങളിൽ സ്ഥാനാർത്ഥികളും മുന്നണികളും മാറ്റം വരുത്താനും സാധ്യതയുണ്ട്. ഈ കടുത്ത ചൂടിൽ പ്രചരണം നടത്തുക എന്നത് എല്ലാ പാർട്ടികൾക്കും വലിയ വെല്ലുവിളിയായിരുന്നു. ഇതിനിടെ റമദാൻ വ്രതവും ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ രണ്ടാം വാരം ചെറിയ പെരുന്നാളും വിഷുവും കഴിഞ്ഞുള്ള പത്ത് ദിവസമായിരിക്കും കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരാണം ടോപ്പ് ഗീയറിലാവുന്നത്. പ്രചാരണത്തിന് ആവശ്യത്തിലേറെ സമയം കിട്ടിയ സാഹചര്യത്തിൽ രണ്ട് റൗണ്ട് തെരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് വേണ്ടി വരുമോ എന്ന ആശങ്കയിലാണ് ചില സ്ഥാനാർത്ഥികൾ.