ജനകീയ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെ ശ്രീലങ്കയിൽ മടങ്ങിയെത്തി. ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിനെ തുടര്‍ന്നാണ് രജപക്സെ ജൂലൈയില്‍ രാജ്യംവിട്ടത്. താല്‍ക്കാലിക വിസയില്‍ മാലിദ്വീപ്, സിംഗപ്പൂര്‍, തായ്ലന്ഡ് എന്നിവിടങ്ങളില്‍ കഴിയുകയായിരുന്നു രജപക്സെ. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ വഴിയാണ് ഗോത്തബയ കൊളംബോയിൽ എത്തിയത്.
മുൻ പ്രസിഡന്റിന് പാർട്ടി നേതാക്കൾ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം ഒരുക്കി. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഐഎംഎഫില്‍ നിന്നും 2.9 ബില്യണ്‍ യു എസ് ഡോളര്‍ ധനസഹായം ലഭിച്ചതിന് പിന്നാലെയാണ് മുന്‍ പ്രസിഡന്റ് തിരിച്ചെത്തിയിരിക്കുന്നത്.
അതേസമയം ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് ബജറ്റ് അവതരിപ്പിച്ചത്. 225 അംഗ നിയമസഭയില്‍ 115 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ പ്രധാന പ്രതിപക്ഷമായ എസ്ജെബി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഞ്ച് അംഗങ്ങള്‍ മാത്രമാണ് ഇടക്കാല ബജറ്റിന് എതിരായി വോട്ട് ചെയ്തത്. ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) മൂന്ന് നിയമസഭാംഗങ്ങളും ഓള് സിലോണ്‍ തമിഴ് കോണ്‍ഗ്രസിലെ രണ്ട് എംപിമാരുമാണ് ഇടക്കാല ബജറ്റിനെതിരെ വോട്ടുചെയ്തത്. ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുന്നതിനായി നികുതിപരിഷ്കരണമുണ്ടാകും എന്നുള്‍പ്പെടെയാണ് ബജറ്റില്‍ പറയുന്നത്.