വയനാട് വാകേരിയില്‍ വീണ്ടും കടുവയിറങ്ങി. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെ പന്നി ഫാമിലെ ആറ് പന്നികളെ കടുവ കൊന്നു. കഴിഞ്ഞയാഴ്ചയും ഇതേ ഫാമിലെ പന്നിക്കുഞ്ഞുങ്ങളെ കടുവ കൊലപ്പെടുത്തിയിരുന്നു. 20ഓളം പന്നിക്കുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്.
മൂടക്കൊല്ലിയിലെ പന്നിഫാമില്‍ ഇന്നലെയാണ് വീണ്ടും കടുവയെത്തിയത്. ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥയിലുള്ള പന്നിഫാമില്‍ ആറ് പന്നികളെയാണ് കാണാതായത്. ഒന്നിനെ കൂട്ടില്‍ ചത്ത നിലയിലും ബാക്കിയുള്ളവയുടെ ജഡാവശിഷ്ടങ്ങള്‍ പരിസര പ്രദേശങ്ങളിലുമാണ് കണ്ടത്. കഴിഞ്ഞയാഴ്ച ഫാമിലെ 20 പന്നികുട്ടികളെ കൊന്ന സമയത്ത് ഫാമിനടുത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായില്ല.
കഴിഞ്ഞ മാസം വാകേരിയില്‍ പ്രജീഷ് എന്ന യുവാവിനെ കടുവ കടിച്ചു കൊന്ന അതേ പ്രദേശത്തിന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് പന്നിഫാം. പ്രജീഷിനെ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കുന്ന കടുവയെ ഇതിന് പിന്നാലെ പിടികൂടിയിരുന്നു. എന്നാല്‍ ഇതേ സ്ഥലത്ത് കാക്കനാട്ട് വര്‍ഗീസ് എന്നയാളുടെ മൂന്ന് വയസുള്ള ആടിനെയും ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുക്കിടാവിനെയും കടുവ കൊന്നിരുന്നു.