ദില്ലി: കുവൈത്ത് അഗ്നിബാധയിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാളെ രാവിലെ കൊച്ചിയിലെത്തും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും ഏറ്റുവാങ്ങും. തുടർന്ന് ആംബുലൻസുകളിൽ മൃതദേഹം വീടുകളിലേക്ക് കൊണ്ടു പോകും.
നാളെ തുടങ്ങി കുറച്ചു ദിവസത്തേക്ക് കുവൈത്തിൽ ബലി പെരുന്നാൾ അവധിയാണ്. സർക്കാർ ഓഫീസുകൾ പലതും അവധിയിലായിരിക്കും. ഈ സാഹചര്യത്തിലാണ് ഇന്നു രാത്രി തന്നെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാൻ ശ്രമം തുടങ്ങിയത്. മൃതദേഹങ്ങൾ കൊണ്ടു വരാനായി ഇന്ത്യൻ വ്യോമസനേയുടെ ഹെർക്കുലീസ് എന്നറിയപ്പെടുന്ന സി 130 ജെ ദില്ലിയിലെ എയർബേസിൽ നിന്നും കുവൈത്തിലേക്ക് പുറപ്പെട്ടു.
ഇന്ത്യക്കാരുടെ മൃതദേഹങ്ങളിൽ ഭൂരിഭാഗവും പോസ്റ്റ്മോർട്ടം ചെയ്തെന്ന വിവരം കിട്ടിയതിന് പിന്നാലെയാണ് വ്യോമസേന വിമാനം കുവൈത്തിലേക്ക് പോയത്. മരണപ്പെട്ടവരിൽ തിരിച്ചറിഞ്ഞ ഇരുപത് മലയാളികൾ അടക്കമുള്ളവരുടെ മൃതദേഹങ്ങൾ നാളെ തന്നെ കൊച്ചിയിലെത്തും.
അതേസമയം അഗ്നിബാധയിൽ മരണപ്പെട്ടവരുടെ കണക്കുകൾ കുവൈത്ത് സർക്കാർ പുറത്തുവിട്ടു. ആകെ 49 പേരാണ് അഗ്നിബാധയിൽ മരിച്ചത്. ഇതിൽ 45 പേർ ഇന്ത്യക്കാരാണ്. ഇവരിൽ 23 പേർ മലയാളികളാണ്. ഏഴ് പേർ തമിഴ്നാട്ടുകാരും ബാക്കി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. അതേസമയം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് എട്ട് മലയാളികൾ ഇപ്പോഴും ചികിത്സയിലാണ്. രണ്ട് മലയാളികൾ കൂടി മരണപ്പെട്ടതായി വിവരമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
ഇന്ന് രാവിലെ കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പരിക്കേറ്റവർ ചികിത്സയിലുള്ള അഞ്ച് ആശുപത്രികളിലും സന്ദർശനം നടത്തി. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ യഹ്യയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് അയക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും എല്ലാ നടപടികളും സ്വീകരിക്കുമെന്നും ലേബർ ക്യാംപിലെ അഗ്നിബാധയിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കുവൈത്ത് വിദേശകാര്യമന്ത്രി കെ.വി സിംഗിനെ അറിയിച്ചു.
മൃതദേഹങ്ങളിൽ ചിലത് കത്തിക്കരിഞ്ഞ നിലയിലാണെന്നും ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ഈ മൃതദേഹങ്ങൾ വിട്ടു നൽകൂവെന്നും അതിന് കാലതാമസമുണ്ടായേക്കുമെന്നും വിദേശ കാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പിന്നീട് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകുമെന്ന് അപകടത്തിൽപെട്ടവർ ജോലി ചെയ്തിരുന്ന എൻ ബി ടി സി കമ്പനി അറിയിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ജോലി, ഇൻഷുറൻസ് പരിരക്ഷ, മറ്റ് ആനൂകൂല്യങ്ങൾ എന്നിവയും ലഭ്യമാക്കും.