നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് പിൻവലിക്കുമെന്ന് അവതാരക. നടൻ മാപ്പ് പറഞ്ഞതിനെ തുടർന്നാണ് അവതാരക കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഹർജിയിൽ പരാതിക്കാരി ഒപ്പിട്ടിട്ടുണ്ട്. ഓൺലൈൻ ചാനലിലെ അഭിമുഖത്തിനിടെ അപമാനിച്ചുവെന്ന പരാതിയിൽ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും പരാതി പിൻവലിക്കുമെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചു. അതേസമയം എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെയാണ് നടൻ അവതാരകയ്ക്കും സഹപ്രവർത്തകർക്കുമെതിരെ മോശമായി സംസാരിച്ചത്. പ്രശ്നം ചർച്ചയായതോടെ ഭാസിക്ക് സിനിമ നിർമാതാക്കളുടെ സംഘടന താല്ക്കാലികമായി വിലക്കും ഏർപ്പെടുത്തിയിരുന്നു.