ലോകത്ത് എവിടെ ചെന്നാലും മലയാളി ഉണ്ടാകുമെന്ന് പറയാറുണ്ട്. ഇന്റർനാഷണൽ കമ്പനികളുടെ വളർച്ചയിലും മലയാളി സാന്നിധ്യമുണ്ടെന്നത് സത്യമായ കാര്യമാണ്.അതിനുദാഹരണമാണ് ഹരിപ്പാട്കാരൻ വിനോദ് ജയൻ. 63 രാജ്യങ്ങളിലായി പടർന്ന് കിടക്കുന്ന സ്വീഡിഷ് കമ്പനിയായ IKEA യുടെ തലപ്പത്താണ് ഈ മലയാളി. 28 വർഷങ്ങൾക്ക് മുൻപാണ് വിനോദ് ജയൻ IKEAയിൽ ജോയിൻ ചെയുന്നത്.
മലയാളികൾക്ക് സ്വന്തമായ വാണിജ്യ തന്ത്രങ്ങൾ വിനോദ് IKEAയിലും പരീക്ഷിച്ചു…വിജയിച്ചു.ഇന്ന് യുഎഇ, ഖത്തർ,ഒമാൻ,ഈജിപ്റ്റ് തുടങ്ങിയ IKEAയുടെ സ്ഥാപനങ്ങളുടെ മാനേജിംങ് ഡയറക്ടർ കൂടിയാണ് വിനോദ്.മൂവായിരത്തിലധികം ജീവനക്കാരാണ് ഈ മലയാളിക്ക് കീഴിൽ ജോലി ചെയുന്നത്.
കിച്ചൺ ഫർണിച്ചറുകൾക്ക് പുറമെ ഗ്ലോബലും ലോക്കലുമായ ഡിസൈനുകൾ സംയുക്തമാക്കി ഗ്ലോക്കൽ എന്ന ആശയത്തിൽ വിനോദ് ജയൻ നടപ്പിലാക്കിയ കിച്ചൺ സ്റ്റോർ ലേ ഔട്ട് IKEA യുടെ ഉപഭോക്താക്കൾക്കിടയിൽ വലിയ ഹിറ്റായിരുന്നു. എന്ത് ജോലി ചെയ്യുമ്പോഴും ശരിയായി പഠിച്ച് ഫോക്കസോടെ ചെയ്താൽ ആ ജോലിയിൽ നിന്നും നമുക്ക് കിട്ടിയ അറിവ് മറ്റാർക്കും കൊണ്ട് പോകാൻ കഴിയില്ലെന്ന് വിനോദ് ജയൻ ഉറച്ച് വിശ്വസിക്കുന്നു.ഈ ഒരു സ്ട്രാറ്റജി തന്നെയാവണം ,ലോകത്തിന്റെ നെറുകയിലുളള ഒരു സ്ഥാപനത്തിന്റെ നെറുകയിൽ ആലപ്പുഴക്കാരനായ വിനോദ് ജയൻ എന്ന ഈ മലയാളിയെ എത്തിച്ചതും.