ലോകോത്തര ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല വൈകാതെ ഇന്ത്യയിലെത്തിയേക്കും. കമ്പനി വൈകാതെ ഇന്ത്യയിലെത്തുമെന്ന് നേരത്തെ ടെസ്ല സിഇഒ ഇലോണ്‍ മസ്ക് സൂചന നൽകിയിരുന്നു. ഇതിനിടയിൽ ടെസ്ലയിൽ നിന്നുള്ള സംഘം ഇന്ത്യയിൽ സന്ദർശനം നടത്തി മടങ്ങുകയും ചെയ്തത് കമ്പനിയുടെ ഇന്ത്യൻ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്.
വാൾ സ്ട്രീറ്റ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമിടുമെന്ന് ഇലോണ്‍ മസ്ക് സൂചന നൽകിയത്. മെക്സിക്കോയിൽ ഉടൻ ടെസ്ല എത്തുമെന്ന് പറഞ്ഞ ശേഷമാണ് ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിലേക്ക് കടക്കാനുള്ള സാധ്യതയെക്കുറിച്ച് മസ്ക് സൂചിപ്പിച്ചത്.
ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാതെ നേരിട്ട് കാറുകൾ ഇറക്കുമതി ചെയ്യാൻ ടെസ്ല നീക്കം നടത്തിയിരുന്നു. എന്നാൽ മേക്ക് ഇൻ ഇന്ത്യ പദ്ധതി മുൻനിർത്തി കേന്ദ്രസർക്കാർ ഈ നീക്കത്തെ തടഞ്ഞു. ഇന്ത്യയിൽ കാർ വിൽക്കണമെങ്കിൽ ഇവിടെ ഫാക്ടറി സ്ഥാപിക്കണമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇതിൽ പലതവണ ഇലോണ്‍ മസ്ക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ കുറച്ച് കാറുകൾ ഇറക്കുമതി ചെയ്ത ശേഷം വിപണിയുടെ പ്രതികരണം പരിശോധിച്ച് ഫാക്ടറി സ്ഥാപിക്കാം എന്ന നിലപാടിലായിരുന്നു മസ്ക്.
ടെസ്ല ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള സംഘം ഇവിടെ വന്നു വിവിധ വകുപ്പുകളുമായി ചർച്ച നടത്തി. അവർ നിക്ഷേപം നടത്തുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ആഗോള കമ്പനികൾക്ക് ഏറ്റവും വിശ്വസ്തമായ കേന്ദ്രമാണ് ഇന്ത്യ. – കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രണ്ട് വർഷം മുൻപ് തന്നെ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാൻ ടെസ്ല തയ്യാറെടുപ്പുകൾ നടത്തുകയും വിപണിയക്കുറിച്ച് പഠിക്കുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്രസർക്കാരിൽ നിന്നും നികുതി ഇളവ് സംബന്ധിച്ച് ഉറപ്പ് കിട്ടാതെ വന്നതോടെയാണ് നിക്ഷേപനീക്കത്തിൽ നിന്നും അവർ അന്ന് പിന്മാറിയത്. ടാറ്റാ, മഹീന്ദ്ര, മെഴ്സിഡൻസ് ബെൻസ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഇന്ത്യയിൽ ഫാക്ടറിസ്ഥാപിച്ച് ഇലക്ട്രിക് കാറുകൾ പുറത്തിറക്കുകയാണ് ചെയ്തെന്ന് കേന്ദ്രം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ടെസ്ലയ്ക്ക് ഇറക്കുമതിയിൽ ഇളവ് നൽകിയാൽ ചൈനയിലെ ഫാക്ടറിയിൽ നിന്നും അവർ കാറുകൾ ഇറക്കുമതി ചെയ്യും എന്നതും ഇക്കാര്യത്തിൽ കടുത്ത നിലപാട് എടുക്കാൻ അന്ന് കേന്ദ്രത്തെ പ്രേരിപ്പിച്ചെന്നാണ് സൂചന.