ഖത്തറിൽ കൂടുതല്‍ ഉല്പന്നങ്ങള് എക്സൈസ് നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് ഖത്തര്‍ ധനമന്ത്രി അലിബിന്‍ അഹ്മദ് അല്‍ കുവാരി അറിയിച്ചു. എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. കൂടാതെ സര്‍ക്കാര്‍ സര്‍വിസുകളുടെ ഫീസ് ഉയര്‍ത്തുന്നതും പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുബജറ്റ് അവതരിപ്പിക്കവേ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടുതല്‍ ഉല്പന്നങ്ങള് എക്സൈസ് നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതും ചില സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് ഉയര്‍ത്തുന്നതും ഈ പരിധിയില്‍ വരും. എന്നാൽ ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ല 2023 ലെ പൊതുബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
228 ബില്യണ്‍ ഖത്തര്‍ റിയാലാണ് ഇതിനായി ബജറ്റിൽ വരുമാനം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16.3 ശതമാനം കൂടുതലാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.199 ബില്യണ്‍ ഖത്തര്‍ റിയാലാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.